രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും
ന്യൂഡല്‍ഹി: രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയാകും. ടി.പി.സി.സി. അധ്യക്ഷനായ രേവന്ത് റെഡ്ഡിയെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി (സി.എല്‍.പി) നേതാവായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വാര്‍ത്താ സമ്മേളനത്തില്‍ രേവന്ത് റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. പുതിയ തെലങ്കാന മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ 10:28-ന് നടക്കും.ഡി.കെ. ശിവകുമാറും മണിക് റാവുവും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പരിഗണിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുകയും തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ പുതിയ നിയമസഭാ കക്ഷി നേതാവായി രേവന്ത് റെഡ്ഡിയെ തീരുമാനിക്കുകയും ചെയ്തു. പി.സി.സി. അധ്യക്ഷന്‍ കൂടിയായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ മികച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് തെലങ്കാനയില്‍ നടന്നത്.’ -കെ.സി. വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും തെലങ്കാനയുടെ ചുമതലയുള്ള മണിക് റാവുവിന്റെയും സാന്നിധ്യത്തില്‍ നടന്ന നിയമസഭാ കക്ഷി യോഗമാണ് രേവന്ത് റെഡ്ഡിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. യോഗത്തില്‍ ഭൂരിഭാഗം എം.എല്‍.എമാരും രേവന്ത് റെഡ്ഡിയെ പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയവും യോഗം പാസാക്കിയിരുന്നു.