മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ
തിരുവനന്തപുരം:മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതി സർക്കാർ അംഗീകരിച്ചു.മിമിക്രിയെ കലാരൂപമായി അംഗീകരിക്കണമെന്നത് പത്തുവർഷമായുള്ള ആവശ്യമാണ്. സംഗീതനാടക അക്കാദമി ഈ ആവശ്യം അംഗീകരിച്ച് മിമിക്രി കലാകാരനായ കെ.എസ്. പ്രസാദിനെ ഭരണസമിതിയായ ജനറൽ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നു. സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവിലാണ് ഭേദഗതി അംഗീകരിച്ചത്.ഇതോടെ മിമിക്രി കലാകാരന്മാർക്ക് സംഗീതനാടക അക്കാദമിയുടെ ഭരണസമിതിയായ 33 അംഗ ജനറൽ കൗൺസിലിൽ പ്രാതിനിധ്യം കിട്ടും. മറ്റു കലാരൂപങ്ങൾക്ക് അക്കാദമി ഏർപ്പെടുത്തുന്ന പുരസ്കാരങ്ങളിലും ക്ഷേമപദ്ധതികളിലും ഈ മേഖലയിലെ കലാകാരന്മാർക്കും പരിഗണന കിട്ടും.സംഗീതം (വായ്‌പ്പാട്ട് ഉപകരണസംഗീതവും), നാടകം (വിവിധ രൂപങ്ങൾ), വിവിധ നൃത്തങ്ങൾ, കഥകളി, പരമ്പരാഗത കേരളീയ കലാരൂപങ്ങൾ (കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, ഓട്ടൻതുള്ളൽ തുടങ്ങിയവ), നാടൻകലാരൂപങ്ങൾ (തെയ്യം, പടയണി, മുടിയേറ്റ്, ആദിവാസി കലാരൂപങ്ങൾ തുടങ്ങിയവ), കഥാപ്രസംഗം, പഞ്ചവാദ്യം, തായമ്പക, ചെണ്ട, ഇടയ്‌ക്ക, ക്ഷേത്രകലകൾ തുടങ്ങിയ കലാരൂപങ്ങളാണ് അംഗീകരിച്ച കലാരൂപങ്ങൾ.