പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ ബിജെപി നേതാവ് സുരേഷ് ​ഗോപി വീട്ടിലെത്തി കണ്ടു

Spread the love

അടിമാലി: പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയെ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി വീട്ടിലെത്തി കണ്ടു. തെറ്റായ കണക്കുകൾ സമർപ്പിച്ചതിനാലാണ് ക്ഷേമപെൻഷൻ വിഹിതം കേന്ദ്രം നൽകാത്തത് എന്നും തൊഴിൽ ഉറപ്പ് പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നും സുരേഷ് ​ഗോപി പറഞ്ഞു.ചീഫ് സെക്രട്ടറി കൃത്യമായ കണക്കുകൾ സമർപ്പിക്കട്ടെ എന്ന് ആവശ്യപ്പെട്ട സുരേഷ് ​ഗോപി ക്ഷേമ പെൻഷന് വേണ്ടി പിരിക്കുന്ന രണ്ട് രൂപ സെസ് നൽകില്ലെന്ന് ജനം തീരുമാനിക്കണം എന്നും പറഞ്ഞു. എം പി പെൻഷനിൽ നിന്ന് 1600 രൂപ വീതം മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും എല്ലാ മാസവും നൽകുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. പെൻഷൻ മുടങ്ങിയതിൻ്റെ പേരിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി വ്യാജവാർത്ത പ്രചരിച്ചിരുന്നു.മറിയക്കുട്ടിക്ക് അടിമാലി ഇരുന്നൂറേക്കറിൽ സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളിചാലിൽ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. അടിമാലി ടൗണിൽ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകൾ പ്രിൻസി സ്വിറ്റ്സർലൻഡിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ വസ്തുതാപരിശോധന നടത്താതെ ദേശാഭിമാനി വാർത്തയാക്കുകയും ചെയ്തു.എന്നാൽ ഈ പ്രചാരണം തെറ്റെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ പിന്നീട് സാക്ഷ്യപത്രം നൽകി. മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജിൽ ഒരു തുണ്ട് ഭൂമി പോലുമില്ലെന്നായിരുന്നു വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം. മറിയക്കുട്ടി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയിൽ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസർ ബിജുവും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *