യാത്രാക്ലേശം തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഗ്രാമവണ്ടികള്‍ ഇനിമുതല്‍ വയനാട്ടിലും ഓടിത്തുടങ്ങും
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം തീര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഗ്രാമവണ്ടികള്‍ ഇനിമുതല്‍ വയനാട്ടിലും ഓടിത്തുടങ്ങും. യാത്രാക്ലേശം രൂക്ഷമായതും ബസുകള്‍ ഇല്ലാത്തതുമായ റൂട്ടൂകളിലൂടെയായിരിക്കും ഗ്രാമവണ്ടികളുടെ സര്‍വീസ്.ഗ്രാമവണ്ടി പദ്ധതിയിലെ ജില്ലയിലെ ആദ്യ ബസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഓടിത്തുടങ്ങുന്നത്.ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ പത്തരക്ക് മന്ത്രി ആന്റണി രാജു മാനന്തവാടിയില്‍ നിര്‍വഹിക്കും. ബസിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് സര്‍വീസ് നടത്തുകയെന്നതാണ് പദ്ധതിയുടെ പ്രത്യേകത.