കളമശ്ശേരി സ്ഫോടനം : ഒരു സ്ത്രീ കൂടി മരിച്ചു
കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.ആലുവ തായിക്കാട്ടുകര സ്വദേശി മോളി ജോയി (61) ആണ് ഇന്നു രാവിലെ മരിച്ചത്. സ്‌ഫോടനത്തില്‍ 80 ശതമാനം പൊള്ളലേറ്റ മോളി ജോയി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇതേത്തുടര്‍ന്ന് ആലുവ രാജഗിരിയില്‍ നിന്നും റഫര്‍ ചെയ്ത് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു.മൂന്ന് പേര്‍ നേരത്തെ മരിച്ച സ്‌ഫോടനത്തില്‍ 20 പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന 11 പേരില്‍ മോളിയടക്കം രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഒന്‍പതുപേര്‍ വാര്‍ഡുകളിലുണ്ട്അതേസമയം സ്‌ഫോടനകേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണല്‍ സി.ജെ.എം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഡൊമനിക് മാര്‍ട്ടിനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷമായിരിക്കും പ്രതിയെ സ്‌ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതും കൂടുതല്‍ ചോദ്യം ചെയ്യുന്നതും.