ഛത്തീസ്ഗഢില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗ്രാമീണരെ മാവോവാദികള്‍ വധിച്ചു
റായ്പുര്‍: ഛത്തീസ്ഗഢില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഗ്രാമീണരെ മാവോവാദികള്‍ വധിച്ചു.നക്സല്‍ ബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമസംഭവം ഉണ്ടായത്.കാംകേറിലാണ് ആദ്യ സംഭവം നടന്നത്. പഖഞ്ചുരിലെ മൊര്‍ഖാന്ദി ഗ്രാമനിവാസികളായ കുല്ലെ കത്ലാമി (35), മനോജ് കൊവാച്ചി (22), ദുഗ്ഗെ കൊവാച്ചി (27) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സി-60 കമാന്‍ഡോകള്‍ക്ക് വിവരം ചോര്‍ത്തി നല്‍കുന്നവരാണെന്ന് ആരോപിക്കുന്ന ലഘുലേഖകള്‍ അക്രമികള്‍ സ്ഥലത്ത് വിതറിയിരുന്നു.ബിജാപൂര്‍ സ്വദേശിയായ മുചാകി ലിംഗ (40) ആണ് രണ്ടാമത്തെ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റുകാരനെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും മാവോവാദികള്‍ കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം റോഡരികിലേക്ക് വലിച്ചെറിയുകയായിരുന്നു.കൊലപാതകങ്ങള്‍ക്ക് പിന്നാലെ മാവോവാദികളെ പിടികൂടാനായുള്ള കോംബിങ് ദൗത്യങ്ങള്‍ സുരക്ഷാസേന ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മാവോവാദികള്‍ 1700-ലേറെ സാധാരണക്കാരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജാപൂര്‍, കാംകേര്‍ മേഖലകളില്‍ 20 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. നവംബര്‍ ഏഴിന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ ഉള്‍പ്പെട്ടവയാണ് ഈ മണ്ഡലങ്ങള്‍. ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 17-നാണ് നടക്കുക.