കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയ്ക്ക് തുടക്കം
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയ്ക്ക് തുടക്കം. പരിപാടിക്കായി കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കലസാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാര്‍ഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.വികസനനേട്ടങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളിലും രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബൃഹദ് പരിപാടി കേരളീയത്തിന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയം ഉദ്ഘാടനംചെയ്തു. റവന്യൂ ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ രാജന്‍ ചടങ്ങിന് അധ്യക്ഷനായി.കേരളീയം സംഘാടകസമിതി ചെയര്‍മാനായ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് കേരളീയം ജനറല്‍ കണ്‍വീനറും ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണു അവതരിപ്പിച്ചു. ധനകാര്യ വകുപ്പ് മന്ത്രിയും കേരളീയം സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ എന്‍ ബാലഗോപാല്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. സ്പീക്കര്‍ എ എന്‍ ഷംസീറാണ് കേരളീയം ബ്രോഷര്‍ പ്രകാശനം ചെയ്തത്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, യുഎഇ അംബാസഡര്‍ അബ്ദുല്‍ നാസര്‍ ജമാല്‍ അല്‍ ശാലി, ദക്ഷിണകൊറിയന്‍ അംബാസഡര്‍ ചാങ് ജെ ബോക്, ക്യൂബന്‍ എംബസി പ്രതിനിധി മലേന റോജാസ് മദീന, നോര്‍വേ അംബാസഡര്‍ മെയ് എലന്‍ സ്‌റ്റൈനര്‍,റിട്ട. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍,എം എ യൂസഫലി, രവി പിള്ള, ഡോ. എം വി പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും.പ്രൊഫ. (ഡോ) അമര്‍ത്യസെന്‍, ഡോ. റൊമില ഥാപ്പര്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്, വെങ്കി രാമകൃഷ്ണന്‍,ഡോ. ജോസഫ് സ്റ്റിഗ്ലിറ്റ്‌സ്, ഡോ. തോമസ് പിക്കറ്റി, അഡ്വ. കെ കെ വേണുഗോപാല്‍, ടി എം കൃഷ്ണ, ഉസ്താദ് അംജദ് അലി എന്നിവര്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിക്കും.2 മണിയോടെ കേരളീയത്തിന്റെ വേദികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.രണ്ടാം തീയതി മുതല്‍ രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.ചലച്ചിത്രമേള അടക്കം എല്ലാവേദികളിലേയ്ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.വേദികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു.മേളയുടെ മുഖ്യആകര്‍ഷണമായ സെമിനാറുകള്‍ നവംബര്‍ 2 മുതല്‍ തുടങ്ങും.രാവിലെ 9.30 മുതല്‍ 1.30 വരെയാണ് സെമിനാറുകള്‍.കലാപരിപാടികള്‍ ഇന്നു വൈകിട്ടു 6.30ന് ശോഭനയുടെ നൃത്തപരിപാടിയോടെ തുടങ്ങും.