കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയതായി വിവരം
കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങിയതായി വിവരം. സ്‌ഫോടനവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍, ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്.കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.അതേസമയം, കളമശ്ശേരിയിലെ സ്‌ഫോടന അന്വേഷണത്തിന് ആക്ഷന്‍ പ്ലാന്‍ പൊലീസ് തയ്യാറാക്കി. സ്റ്റേഷനുകളുടെ അതിര്‍ത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ല അതിര്‍ത്തികള്‍ അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു.മൊഴികളുടെ അടിസ്ഥാനത്തില്‍ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററില്‍ കളമശ്ശേരിയില്‍ എത്തി. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കന്‍വെന്‍ഷന്‍ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കന്‍വെന്‍ഷന്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.