കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ : സംസ്ഥാന വ്യാപക പരിശോധന
തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരത്തില്‍ വ്യാപക പരിശോധന. ടെക്നോ പാര്‍ക്കില്‍ അടക്കം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. സേനയിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ജോലിക്കെത്തണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം നഗരത്തില്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി.കോട്ടയം നഗരത്തിലും കോഴിക്കോട് നഗരത്തിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ക്വാഡ്, പൊലീസ്, ആര്‍പിഎഫ് സംയുക്ത പരിശോധന നടത്തുകയാണ്. ഷോപ്പിംഗ് മാള്‍, ബസ് സ്റ്റാന്‍ഡ്, പ്രാര്‍ത്ഥന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. അതേസമയം, പത്തനംതിട്ട പരുമലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയില്‍ പെരുന്നാള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലും പരിശോധന നടക്കുന്നുണ്ട്.