അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

തിരുവനന്തപുരം: അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ മറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതയേള്ളൂ. എറണാകുളത്തുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഇതിനകം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിജിപിയടക്കമുള്ള ആളുകള്‍ അങ്ങോട്ട് തിരിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ല. ഗൗരവമായി തന്നെ കാര്യങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചിട്ടുണ്ട്, രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ് വിവരങ്ങള്‍. ഭീകരാക്രമണമാണെന്ന് സംശിയക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതെല്ലാം അന്വേഷണം നടന്ന ശേഷമേ പറയാന്‍ കഴിയുകയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്തു നിന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാന എഡിജിപി എം ആര്‍ അജിത് കുമാറും ഇന്റലിജന്‍സ് എഡിജിപിയും കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. അടിയന്തര ചികിത്സ ഒരുക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണു വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പ്രാര്‍ഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ സ്‌ഫോടനം നടന്നു.ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫോടനങ്ങളുമുണ്ടായെന്നും സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിനു പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.യഹോവ സാക്ഷികളുടെ മേഖല കണ്‍വെന്‍ഷനാണ് ഇവിടെ സംഘടിപ്പിച്ചിരുന്നത്. അതിനാല്‍ പല സ്ഥലത്തുനിന്നും ആളുകള്‍ പ്രാര്‍ഥനയ്ക്കായി എത്തിയിരുന്നു. കസേരയിട്ട് ഇരുന്നായിരുന്നു പ്രാര്‍ഥന നടത്തിയത്. പലരും കണ്ണടച്ചിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും ഇവിടെനിന്നു രക്ഷപ്പെട്ടവര്‍ പറഞ്ഞു.അതേസമയം, സ്‌ഫോടനം നടന്ന ഹാളും പരിസരവും പൊലീസ് സീല്‍ ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ബോംബ് സ്‌ക്വാഡും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്‌ഫോടനസ്ഥലത്തെത്തി. സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *