മാതൃകാ നിയമസഭ’: സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബി.എഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മാതൃകാ നിയമസഭ’യോട് അനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. ഒക്ടോബർ 26ന് പഴയ നിയമസഭാ മന്ദിരത്തിലാണ് വിദ്യാത്ഥികൾ നയിക്കുന്ന ‘മാതൃകാ നിയമസഭ’ നടക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 140 പേരാണ് പങ്കെടുക്കുക. പ്രമേയ അവതരണം, അടിയന്തര പ്രമേയം, ചോദ്യോത്തര വേള, ശൂന്യ വേള, ശ്രദ്ധ ക്ഷണിക്കൽ, സബ്മിഷൻ തുടങ്ങി ഒരു ദിവസത്തെ സഭാ നടപടിക്രമങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാകും മാതൃകാ നിയമസഭ നടത്തുന്നത്. വിദ്യാർത്ഥികളെ സംഘങ്ങളായി തിരിച്ച് സംവാദങ്ങൾ നടത്തിയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവരെ തെരഞ്ഞെടുത്തത്. ഇന്ന് (ഒക്ടോബർ 20) നടന്ന പരിശീലനത്തിൽ 100 ഓളം കുട്ടികളെത്തി. പരിശീലനം നാളെയും (ഒക്ടോബർ 21) തുടരും. മാതൃകാ നിയമസഭ സഭാ ടിവി സംപ്രേഷണം ചെയ്യും. നവംബർ ഒന്നുമുതൽ ഏഴുവരെയാണ് നിയമസഭാ സമുച്ചയത്തിൽ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.