ഓണ്‍ലൈന്‍ കള്ളുഷാപ്പ് വില്‍പ്പന, പുതുചരിത്രമെഴുതി എക്സൈസ് വകുപ്പ്

Spread the love

പൂർണമായി ഓണ്‍ലൈനിലൂടെ കളള് ഷാപ്പുകളുടെ വില്‍പ്പന നടത്തി ചരിത്രം സൃഷ്ടിച്ച് എക്സൈസ് വകുപ്പ്. സംസ്ഥാനതലത്തിൽ ഓൺലൈനിലെ ആദ്യ റൌണ്ട് വിൽപ്പനയിൽ തന്നെ 87.19% ഗ്രൂപ്പുകളുടെയും വിൽപ്പന പൂർത്തിയാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. തീർത്തും സുതാര്യവും നിഷ്പക്ഷവുമായി, ബാഹ്യ ഇടപെടലുകള്‍ക്ക് പഴുതു കൊടുക്കാതെ, സാമ്പത്തികച്ചെലവ് പരമാവധി കുറച്ചു നടത്തിയ ഈ വിൽപ്പന മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പ്രവർത്തനത്തിന് നേതൃത്വം നൽകിയ എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. 2023-24 വർഷത്തെ അബ്കാരി നയത്തില്‍ ഷാപ്പുകളുടെ വില്‍പ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ആയി നടത്താൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മേഖലാ ജോയിന്‍റ് എക്സൈസ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ സെപ്റ്റംബർ 25, 26 തീയതികളിൽ ഓൺലൈൻ വിൽപ്പന വിജയകരമായി നടന്നത്. വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ 11.9 കോടി രൂപ വരുമാനമായി ലഭിച്ചു. അപേക്ഷകർക്ക് വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതിനാൽ ആവശ്യമായ രേഖകള്‍ എല്ലാം ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തിരുന്ന് ഓൺലൈനിൽ വില്‍പ്പന നടപടികള്‍ കാണാൻ കഴിഞ്ഞു. പരിപൂർണ്ണമായ സുതാര്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിഞ്ഞു. വിൽപ്പന പ്രക്രീയയുടെ ചെലവുകള്‍ ഏറെക്കുറേ പൂർണ്ണമായി ഇല്ലാതാക്കാനായി. ഓൺലൈനാക്കിയതിനാൽ ജില്ലാതലത്തില്‍ ജീവനക്കാരുടെ സേവനം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്താകെ 914 ഗ്രൂപ്പുകളില്‍ ആയി 5170 കളളുഷാപ്പുകളാണുള്ളത്. സെപ്റ്റംബര്‍ 25, 26 തീയ്യതികളില്‍ നടത്തിയ വില്‍പ്പനയിലൂടെ 797 ഗ്രൂപ്പ് കളളുഷാപ്പുകളും വിറ്റുപോയി. ഇതിലൂടെ പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ വരുമാനമായി ലഭിച്ചു. ആകെ ലഭിച്ച 4589 അപേക്ഷകളിൽ 4231 അപേക്ഷകള്‍ക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ശേഷിക്കുന്ന 117 ഗ്രൂപ്പ് കളളുഷാപ്പുകളുടെ രണ്ടാം റൗണ്ട് വില്‍പ്പനയും ഓൺലൈനായി നടക്കും. ഇത് 50% റെന്റലിനാകും നടക്കുക. എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ ആയി നല്‍കാനുളള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ചരിത്രത്തിൽ ആദ്യമായി കള്ള് ഷാപ്പ് വിൽപ്പന ഓൺലൈനിലാക്കിയത്. വില്‍പ്പന നടപടികള്‍ യൂട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുളള സംവിധാനം ഒരുക്കുന്നതും ആദ്യമായാണ്. കളളു ഷാപ്പുകളുടെ വില്‍പ്പന മൂന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് നടത്തുന്നത്. ഇതുവരെ ഓരോ ജില്ലകളിലേയും കളളുഷാപ്പുകളുടെ വിൽപ്പന റേഞ്ച്, ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അതാത് ജില്ലകളില്‍ ആണ് നടത്തിവന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *