ചെന്നൈ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ചെന്നൈയിൽ നിന്ന് തിരുനെൽവേലി വരെ സർവീസ് നടത്തുന്ന ചെന്നൈ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ് നാളെ (സെപ്റ്റംബർ 24) ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടന കർമ്മം നിർവഹിക്കുക. രാജ്യത്തുടനീളമുള്ള 9 വന്ദേ ഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും പ്രധാനമന്ത്രി ഓൺലൈനായി നിർവഹിക്കുന്നതാണ്. ഇക്കൂട്ടത്തിൽ ദക്ഷിണ റെയിൽവേ സെക്ഷനിൽ ചെന്നൈ-നെല്ലായി ഉൾപ്പെടെ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസുകളാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.ഇന്നലെ തിരുനെൽവേലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വന്ദേ ഭാരത് എത്തുന്നതോടെ വെറും 8.30 മണിക്കൂറിനുള്ളിൽ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് എത്തിച്ചേരാൻ സാധിക്കും. ഇതേ റൂട്ടിലൂടെയുള്ള മറ്റ് എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് 3 മണിക്കൂർ വരെയാണ് സമയം ലാഭിക്കാൻ സാധിക്കുക. 8 എസി കോച്ചുകൾ, ഒരു എക്സിക്യൂട്ടീവ് കോച്ച്, 7 സീറ്റർ കോച്ച് എന്നിവയാണ് ട്രെയിനിൽ ഉള്ളത്.ചെന്നൈ- തിരുനെൽവേലി വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 6.00 മണിക്ക് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് ചെന്നൈ എഗ്മോറിൽ എത്തും. തിരിച്ചുള്ള സർവീസ് ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2:50-ന് പുറപ്പെടുകയും രാത്രി 10:40-ന് തിരുനെൽവേലിയിൽ എത്തുന്നതുമാണ്. ഔദ്യോഗിക ഫ്ലാഗ് ഓഫ് കർമ്മം നാളെയാണ് നടക്കുന്നതെങ്കിലും, സെപ്റ്റംബർ 27 മുതലാണ് ബുക്കിംഗ് ആരംഭിക്കുക