ബിസ്മി’ ചൊല്ലി പന്നിയിറച്ചി കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമത്തിലിട്ട ഇന്തോനീഷ്യന്‍ ടിക്ടോക് താരത്തിന് 2 വര്‍ഷം ജയില്‍ ശിക്ഷ
ജക്കാര്‍ത്ത: ‘ബിസ്മി’ ചൊല്ലി പന്നിയിറച്ചി കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമത്തിലിട്ട ഇന്തോനീഷ്യന്‍ ടിക്ടോക് താരത്തിന് 2 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും വിധിച്ച് കോടതി. ബാലി സന്ദര്‍ശിക്കുന്നതിനിടെയാണ് യുവതി പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാമിക പ്രാര്‍ത്ഥന ഉരുവിട്ടത്. വീഡിയോ ടിക് ടോക്കില്‍ പങ്കുവെച്ചതോടെ മതനിന്ദക്ക് പൊലീസ് കേസെടുത്തു. സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലിനയെ കുറ്റക്കാരിയായി കണ്ടെത്തി ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തെയും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകള്‍ക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്.രണ്ടു വര്‍ഷത്തെ തടവിനു പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടുതല്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.ശിക്ഷാ വിധി കേട്ട് പുറത്തിറങ്ങിയ ലിന മാധ്യമങ്ങള്‍ക്കു മുന്നില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാല്‍ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും ലിന മാധ്യമങ്ങളോട് പറഞ്ഞു. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും അവര്‍ അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായ ഇന്തോനീഷ്യ സഹിഷ്ണുതയ്ക്ക് പേര് കേട്ട രാജ്യം കൂടിയാണ്.