ഉപരിപഠനത്തിനായി മണിപ്പൂരിലെ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് കണ്ണൂർ സർവകലാശാലയിൽ
കണ്ണൂർ : വംശീയ കലാപത്തിന്റെ സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മണിപ്പൂരിലെ കുക്കി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കണ്ണൂർ സർവകലാശാലയിലെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികൾക്ക് സിന്റിക്കേറ്റംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ,ഡോ. രാഖി രാഘവൻ, വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.കലാപത്തിന്റെ സാഹചര്യത്തിൽ മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനം സാധ്യമാക്കാനായി പ്രത്യേകം സീറ്റുകൾ അനുവദിക്കാൻ ജൂലൈ ഏഴിന് രാവിലെ താവക്കരയിൽ വച്ചുചേർന്ന അടിയന്തിര സിന്റിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. മണിപ്പൂരിലെ വിദ്യാർത്ഥി സംഘടനകളുടെ അപേക്ഷ പരിഗണിച്ചായിരുന്നു തീരുമാനം.തുടർ വിദ്യാഭ്യാസത്തിന് അർഹതയുണ്ടായിട്ടും പഠനം സാധ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് സർവകലാശാല സീറ്റുകൾ അനുവദിക്കുന്നത്. വിവിധ വിഷയങ്ങളിലായി മണിപ്പൂരിൽ നിന്നുള്ള പതിമൂന്ന് വിദ്യാർത്ഥികളാണ് ആദ്യദിവസം സർവകലാശാലയിൽ എത്തിയത്. വിവിധ പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇവരിൽ ഭൂരിഭാഗം പേരും. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ സർവകലാശാലയിലേക്ക് എത്തും. പഠനം പാതിവഴിയിൽ മുടങ്ങിപ്പോയവർക്കും പഠനം തുടരാനാവശ്യമായ സൗകര്യങ്ങൾ സർവകലാശാല ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ആവശ്യമായ താമസ സൗകര്യവും സാമ്പത്തിക സഹായവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സജ്ജമാക്കുമെന്നും സർവകലാശാല അറിയിച്ചു. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ നിലവിലെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ സർവകലാശാലയിലെ പഠനം പൂർത്തിയാക്കുന്നതുവരെ സമയം നൽകും. നിലവിൽ രേഖകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന പത്രസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, സിന്റിക്കേറ്റംഗം പ്രമോദ് വെള്ളച്ചാൽ, രജിസ്ട്രാർ ജോബി കെ ജോസ് എന്നിവർ സംസാരിച്ചു.