വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഒക്റ്റോബർ 4ന് ആദ്യ ചരക്ക് കപ്പൽ തീരമണയും
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഒക്റ്റോബർ 4നു വൈകിട്ട് നാലിന് ആദ്യ ചരക്ക് കപ്പല്‍ തീരമണയുമെന്നു തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. ഒക്റ്റോബർ 28നു രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുടര്‍ന്നുള്ള ചരക്ക് കപ്പലുകളുമെത്തും.ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്നു തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രെയ്നുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യ കപ്പല്‍ എത്തുന്നത്. ഇതിന്‍റെ ഭാഗമായി പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയ്നുകളാണു വിഴിഞ്ഞത്തു സജജീകരിക്കുന്നത്. പുലിമുട്ടിന്‍റെ മുക്കാല്‍ ഭാഗവും നിർമിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്‍റെ നിർമാണവും അവസാനഘട്ടത്തിലാണ്.വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ ഔദ്യോഗികനാമവും ലോഗോയുടെ പ്രകാശനവും ഈ മാസം 20നു രാവിലെ 11നു മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിർവഹിക്കും.