നെടുമങ്ങാട് ഓണോത്സവം 2023, ആവേശമായി വിളംബര ഘോഷയാത്ര
ആവേശോജ്വലമായ വിളംബര ഘോഷയാത്രയോടെ നെടുമങ്ങാട് ഓണോത്സവം 2023 ന് വർണ്ണാഭമായ കൊടിയേറ്റം. ഓണോത്സവം ഉദ്ഘാടനവും ഓണം വാരാഘോഷ പ്രഖ്യാപനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു.
സെപ്റ്റംബർ ഒന്നു വരെ, നെടുമങ്ങാട് നാട്ടുവീഥികൾ ആഘോഷത്തിമിർപ്പിൽ ആറാടിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ജാതിമതഭേദമോ,മറ്റു വേർതിരിവുകളോ ഇല്ലാതെ സമ്പന്നമായ ഘോഷയാത്ര നൽകിയ ഒരുമയുടെ സന്ദേശമാണ് ഓണത്തിന്റെയും സന്ദേശമെന്ന് മന്ത്രി പറഞ്ഞു.
വൈകുന്നേരം 3.30ന് നഗരസഭ ഓഫീസിൽ നിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര പ്രധാന വേദിയായ കല്ലിങ്കൽ ഗ്രൗണ്ടിൽ സമാപിച്ചു. ആയിരത്തോളം ജനങ്ങൾ പങ്കെടുത്ത ഘോഷയാത്രയ്ക്ക് പഞ്ചവാദ്യം, കഥകളി,മഹാബലി,തെയ്യം,കളരിപ്പയറ്റ്,പുലികളി,ശിങ്കാരിമേളം,കരാട്ടെ,റോളർ സ്കേറ്റിംഗ് തുടങ്ങിയവ മിഴിവേകി. വിവിധ സർക്കാർ വിദ്യാലയങ്ങൾ, ജില്ലാ ആശുപത്രി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സ്ഥാപനങ്ങൾ, ഹരിതകർമ്മ സേന, ഐ.സി.ഡി.എസ്, നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിലെ 39 വാർഡുകളിലെയും പ്രതിനിധികൾ എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു.
വിവിധ ഓണ മത്സരങ്ങളും കലാവിരുന്നുകളും വരുന്ന ഏഴു ദിവസം നെടുമങ്ങാടിനെ സജീവമാക്കും. കുട്ടികൾക്കായി പ്രത്യേക അമ്യൂസ്‌മെന്റ് പാർക്കും ഫ്‌ളവർ ഷോയും വ്യാപാരമേളയും ഉണ്ടാകും. വ്യാപാരികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ടൗണിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.
.നെടുമങ്ങാട് ടൗണിൽ നഗരസഭ നിർമിച്ച വഴിയിടം പൊതു വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറിയും കഫ്റ്റീരിയയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നെടുമങ്ങാട് കല്ലിങ്കൽ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നെടുമങ്ങാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സി.എസ് ശ്രീജ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, നെടുമങ്ങാട് ആർ.ഡി.ഒ കെ.പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.