ഹോട്ടലിന്‍റെ മൂന്നാം നിലയിൽനിന്ന് സിമന്‍റ് പാളി വീണ് യുവാവ് മരിച്ചു

Spread the love

കോട്ടയം: നഗരമധ്യത്തിൽ നഗരസഭാ ഓഫീസിന് എതിർവശത്തുള്ള ഹോട്ടലിന്‍റെ മൂന്നാം നിലയിൽനിന്ന് സിമന്‍റ് പാളി വീണ് യുവാവ് മരിച്ചു. നഗരസഭാ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാജധാനിയുടെ മൂന്നാം നിലയിലെ ജനലിന്‍റെ മുകൾഭാഗത്തെ സിമന്‍റ്പാളി അടർന്നുവീണാണ് യുവാവ് മരിച്ചത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരൻ പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പിൽ ജിനോ കെ. ഏബ്രഹാം (42) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ ലക്കി സെന്റർ അടച്ചശേഷം പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.ഹോട്ടലിന്‍റെ ജനലിന്‍റെ ഭാഗമാണ് അടർന്നുവീണത്. ഇത് ലക്കി സെന്ററിന്റെ ബോർഡിൽ ഇടിച്ചശേഷം ജിനോയുടെ ദേഹത്ത് പതിക്കുകയായിരുന്നു. 30 അടിയോളം മുകളിൽ നിന്നാണ് കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. ജിനോയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.50 വർഷത്തിലേറെ വർഷം പഴക്കമുള്ളതാണ് ഷോപ്പിങ് കോംപ്ലക്സ്. ഇതിനൊപ്പമുള്ള ഷോപ്പിങ് കോംപ്ലക്സിന്‍റെ മറ്റ് കെട്ടിടങ്ങൾ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് പൊളിക്കാനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരുന്നതിനിടെയാണ് സംഭവം. അപകടമുണ്ടാക്കിയ ഷോപ്പിങ് കോംപ്ലക്സ് ഭാഗം ഹോട്ടൽ ഉടമതന്നെ ബലപ്പെടുത്തിയെന്ന് കാണിച്ചാണ് പൊളിക്കുന്നതിൽ നിന്ന് ഇവരെ ഒഴിവാക്കിയത്. ജിനോയുടെ പിതാവ്: പരേതനായ കെ.ജെഏബ്രഹാം, മാതാവ്: ഫിലോമിന, ഭാര്യ: ഷീജ. മക്കൾ: അഡോൺ, അക്സ

Leave a Reply

Your email address will not be published. Required fields are marked *