ഗുജറാത്തില്‍ നാശം വിതച്ച ശേഷം ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു
ഗുജറാത്തില്‍ നാശം വിതച്ച ശേഷം ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോര്‍, ചനോഡ്, മാര്‍വര്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശാനാണ് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം.ദേശീയ ദുരന്ത നിവാരണ സംഘത്തെ ഉള്‍പ്പെടെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കടന്നുപോയ ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര മേഖലയിലും ഇന്ന് കനത്ത മഴ പെയ്യും. ഗുജറാത്തില്‍ വലിയ നാശം വിതച്ചാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കടന്നുപോയത്.സംസ്ഥാനത്ത് അയ്യായിരത്തോളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നതോടെ നാലായിരത്തി അറൂനൂറ് ഗ്രാമങ്ങളില്‍ വൈദ്യുതി നഷ്ടമായി. ഇതില്‍ മൂവായിരിത്തി അഞ്ഞൂറോളം ഗ്രാമങ്ങളില്‍ വൈദ്യുതി പുനസ്ഥപിച്ചിട്ടുണ്ട്. ആയിരത്തോളം ഗ്രാമങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്.അതിര്‍ത്തി മേഖലകളില്‍ ആശയവിനിമയം സംവിധാനം തകര്‍ന്ന് കിടക്കുകയാണ്. ബിപോര്‍ജോയിയുടെ സ്വാധീനത്താല്‍ ഡല്‍ഹിയിലും മഴ പെയ്തിരുന്നു. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും സഞ്ചാരപാതയില്‍ മഴയും കാറ്റും തുടരുന്നുണ്ട്. കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.