മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനാകാതെ അധികൃതർ
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനാകാതെ അധികൃതർ. നിലവിൽ, പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. മറ്റു കുരങ്ങുകളെ അപേക്ഷിച്ച് അൽപം ആക്രമണകാരിയായതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി മ്യൂസിയത്തിന് സമീപത്തെ ബെയ്ൻസ് കോമ്പൗണ്ടിലെ തെങ്ങിൽ കുരങ്ങിനെ കണ്ടിരുന്നു. എന്നാൽ, പെട്ടെന്ന് തന്നെ അവിടെ നിന്നും ചാടി പോയിട്ടുണ്ട്.ഇന്നലെ രാത്രി മുതൽ തന്നെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. രാത്രിയായതിനാൽ അധിക ദൂരം സഞ്ചരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അതിനാൽ, ഇന്നും അന്വേഷണം നടത്തും. ഇന്നലെ വൈകിട്ട് മൂന്നരയോടെ പരീക്ഷണാർത്ഥം കൂട് തുറന്നപ്പോഴാണ് ഹനുമാൻ കുരങ്ങ് ചാടിപ്പോയത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് വയസുള്ള കുരങ്ങ് കൂടിന് പുറത്തെത്തുകയും, തൊട്ടടുത്തുള്ള മരത്തിൽ കയറുകയുമായിരുന്നു. പിന്നീട് മരങ്ങൾ പലതും ചാടിക്കടന്നാണ് മൃഗശാലയിൽ നിന്നും പുറത്തേക്ക് പോയത്. കുരങ്ങിനെ എത്രയും പെട്ടെന്ന് തന്നെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.