ആര്‍ത്തി മൂത്ത് വിലയേറിയ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; പിന്നാലെ അഞ്ച് ലക്ഷം രൂപയോളം പിഴ

Spread the love

ചൈനയിലെ ഗുയിഷോ പ്രവിശ്യയില്‍ അത്യാര്‍ത്തിയെ തുടര്‍ന്ന് യുവതിക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 45,000 യുവാന്‍ (USD 6,500) അതായത് 539000 രൂപ. ഗുയിഷോ പ്രവിശ്യയിലെ ഒരു ബുഫേ റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. 2022 ഓഗസ്റ്റില്‍ രണ്ടാഴ്ചയ്ക്കിടെ പതിവായി യുവതി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു റെസ്റ്റോറന്റ് സന്ദര്‍ശിച്ചിരുന്നു. അമിതമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നതായിരുന്നു ഇവരുടെ രീതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് റെസ്റ്റോറന്റ് ജീവനക്കാര്‍ അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (SCMP) റിപ്പോര്‍ട്ട് ചെയ്തു.ഓരോ തവണ റെസ്റ്റോറന്റില്‍ എത്തുമ്പോള്‍, യുവതി ഒട്ടോറെ വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും മിച്ചം വരുന്ന ഭക്ഷണം ബാഗിലാക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതായും റസ്റ്റോറന്റിന്റെ മാനേജരായ വു പറഞ്ഞതായി എസ്സിഎംപി റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ സ്ത്രീ ഒരു ഡസനിലധികം റെസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ഹോങ്‌സിംഗ് ന്യൂസിനോട് വു പറഞ്ഞു.ഓരോ തവണ യുവതി എത്തുമ്പോള്‍ ഏകദേശം 10,000 യുവാന്‍ (ഒന്നേകാല്‍ ലക്ഷം) വിലമതിക്കുന്ന ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ഇത് ഒരു ശരാശരി ഉപഭോക്താവിനേക്കാള്‍ പത്തിരട്ടിയാണ്. ഒരാള്‍ക്ക് 218 യുവാനാണ് ബുഫെ ഈടാക്കുന്നതെന്ന് വു പറഞ്ഞു. സ്വീറ്റ് ചെമ്മീന്‍, സാല്‍മണ്‍, ഗോസ് ലിവര്‍ തുടങ്ങിയ വിലയേറിയ ഭക്ഷണങ്ങളാണ് യുവതി ഓര്‍ഡര്‍ ചെയ്യുന്നതെന്ന് റെസ്റ്റോറന്റ് ഉടമ ചെന്‍ കൂട്ടിച്ചേര്‍ത്തു.വെന്‍ എന്ന് വിളിക്കപ്പെടുന്ന യുവതി ഒരു തവണ 48 യുവാന്‍ വിലയുള്ള 45 സെര്‍വിംഗ് സ്വീറ്റ് ചെമ്മീന്‍, 38 യുവാന്‍ വിലയുള്ള 20 സെര്‍വിംഗ് സാല്‍മണ്‍ സാഷിമി, കൂടാതെ ഇറച്ചിയും മധുരപലഹാരവും ഓര്‍ഡര്‍ ചെയ്തിരുന്നു. മാത്രമല്ല ഒരിക്കല്‍ വെന്‍ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ബാഗിലാക്കി കൊണ്ടുപോകന്‍ ശ്രമിക്കുന്നത് കണ്ടുവെന്നും ചെന്‍പറഞ്ഞു.തനിക്ക് കഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്തുവെന്നും ഭക്ഷണം പാഴാക്കാതിരിക്കാന്‍ കൊണ്ടുപോകുന്നതാണെന്നുമാണ് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വെന്‍ റെസ്റ്റോറന്റ് ജീവനക്കാരോട് പറഞ്ഞത്.യുവതി ഇത് നിരവധി തവണ ആവര്‍ത്തിച്ചതോടെ ഏകദേശം 45,000 യുവാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെസ്റ്റോറന്റ് വെനിനെതിരെ ഒരു കേസ് ഫയല്‍ ചെയ്തു.‘100 ഗ്രാമില്‍ കൂടുതല്‍ ഭക്ഷണം പാഴാക്കുകയോ അല്ലെങ്കില്‍ വീട്ടില്‍ കൊണ്ടുപോകുകയോ ആണെങ്കില്‍ മെനു വില അനുസരിച്ചുളള പണം നല്‍കേണ്ടതുണ്ട്.’ എന്ന് റെസ്റ്റോറന്റിലെ എല്ലാ ടേബിളിലും ബോര്‍ഡ് വെച്ചിട്ടുണ്ടെന്നും ചെന്‍ പറഞ്ഞു. എന്നാല്‍ യുവതി ഇതനുസരിക്കാതെ ബാക്കി വന്ന ഭക്ഷണം ആരും കാണാതെ ബാഗിലാക്കി സ്ഥലം വിടുകയായിരുന്നു പതിവ്.ആദ്യം പിഴയടക്കാന്‍ വിസമ്മതിച്ച വെന്‍ ഒടുവില്‍ നിയമപരമായ നിര്‍ദേശത്തെ തുടര്‍ന്ന് പിഴ അടക്കുകയും കേസ് നസ് നല്‍കിയതിന് ചിലവായി 8,000 യുവാന്‍ അധികമായി നല്‍കുകയും ചെയ്തതായി ചെന്‍ പറഞ്ഞു. അതേസമയം, സംഭവം ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *