പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി നാട്ടിലേക്ക് മുങ്ങിയ യുവാവും ഭാര്യയും അറസ്റ്റിൽ
കണ്ണൂർ: പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി നാട്ടിലേക്ക് മുങ്ങിയ യുവാവും ഭാര്യയും അറസ്റ്റിൽ. കോയമ്പത്തൂർ ഇടയാർപാളയം സ്വദേശിനി സുബ്ബലക്ഷ്മി (20) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇടയാർപാളയം സ്വദേശി സുജയ് (30), മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ വെച്ചാണ് ഇവർ പിടിയിലായത്. മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.സുബ്ബലക്ഷ്മിയും സുജയും പ്രണയത്തിലായിരുന്നു. ഭാര്യയായ രേഷ്മയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. സുജയ് വിവാഹിതനാണെന്നും തന്നെ ചതിക്കുകയായിരുന്നുവെന്നും അറിഞ്ഞ സുബ്ബലക്ഷ്മി ഇത് ചോദ്യം ചെയ്തു. പലതവണ ഇത് പറഞ്ഞ് ഇവർ തമ്മിൽ വഴക്കുണ്ടായി. സംഭവം നടക്കുന്ന ദിവസം ദമ്പതികളുടെ അപ്പാർട്ടുമെന്റിലേക്ക് വിദ്യാർത്ഥിനിയെ ഇവർ വിളിച്ച് വരുത്തുകയായിരുന്നു. ഇവിടെ വെച്ച് വീണ്ടും വഴക്കുണ്ടായി. ഇതോടെ ഇരുവരും ചേർന്ന് പെൺകുട്ടിയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.അപ്പാർട്ട്‌മെന്റിൽ നിന്ന് ഒച്ചയും ബഹളവും കേട്ട അയൽവാസികളാണ് വിവരം പൊലീസിലറിയിച്ചത്. ഇതിനിടെ ദമ്പതികൾ ബൈക്കിൽ രക്ഷപ്പെട്ടിരുന്നു. ഇരുവരും കണ്ണൂരിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. ലോഡ്ജിൽ വെച്ചാണ് ഇവരെ പിടികൂട്ടിയത്.