അപകീർത്തി കേസിൽ രാഹുഗാന്ധി ഇന്ന് അപ്പീൽ സമർപ്പിക്കും
ജയിൽ ശിക്ഷയും, പാർലമെന്റ് അംഗത്വത്തിന്റെ അയോഗ്യതയിലേക്കും നയിച്ച അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ സമർപ്പിക്കും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായതിനു ശേഷമാണ് അപ്പീൽ സമർപ്പിക്കുക. 3 സംസ്ഥാന മുഖ്യമന്ത്രിമാരോടും, മുതിർന്ന നേതാക്കളോടും രാഹുലിനൊപ്പം പോകാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നേരിട്ട് എത്തിയതിനുശേഷം വിധിയിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെടുമെന്നാണ് സൂചന.കർണാടകയിലെ കോലാറിൽ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ രാഹുൽ ഗാന്ധിയുടെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. കോലാർ പ്രസംഗത്തിൽ മോദി എന്ന പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയിൽ മാർച്ച് 23- നാണ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവും, 15,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, അപ്പീൽ നൽകാൻ ഒരു മാസത്തെ സാവകാശം നൽകിയിരുന്നു. കോടതി വിധിക്ക് പിന്നാലെ രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു.