LatestNEWS

ബാർ ലൈസൻസിൽ ഇനി ഉദ്യോഗസ്ഥ അപ്രമാദിത്വം നടപ്പില്ല! തന്നിഷ്ടത്തിന് കടിഞ്ഞാണിടാൻ കടുത്ത നടപടികൾ

Spread the love

കേരളത്തിലെ ബാർ ലൈസൻസ് വിതരണത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി സർക്കാർ. എക്‌സൈസ് കമ്മീഷണർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും ബാർ ലൈസൻസ് അനുവദിക്കാനുള്ള അധികാരം ഒഴിവാക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് അനുവദിക്കാനുള്ള അധികാരം സർക്കാരിൽ മാത്രം കേന്ദ്രീകരിക്കും. എറണാകുളത്തും കോട്ടയത്തും പുതിയ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തീരുമാനത്തിന് പിന്നിലെ പ്രധാന പശ്ചാത്തലം.കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ജില്ലാതലത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാർക്ക് ലൈസൻസ് അനുവദിക്കാനുള്ള അധികാരം നൽകിയത്. എന്നാൽ, വിവാദമായ ലൈസൻസ് നടപടികളിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതോടെ രാഷ്ട്രീയ പോരും ശക്തമായി. ചട്ടങ്ങളിൽ മാറ്റം വരുത്താതെ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കുകയാണെന്നായിരുന്നു എൽ.ഡി.എഫിന്റെ വിമർശനം. അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയതും വിവാദത്തിന് പുതിയ വഴിത്തിരിവായി.സർക്കാരിന്റെ അറിവില്ലാതെ ഇനി ബാർ ലൈസൻസ് അനുവദിക്കില്ലെന്നും പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. എന്നാൽ, ബാർ ലൈസൻസ് പുതുക്കാനുള്ള അധികാരം മാത്രമാണ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നൽകിയതെന്നായിരുന്നു മുൻ എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ മറുപടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിമാനത്താവളങ്ങളിലെ ബാർ ലൈസൻസ് പുതുക്കാനുള്ള അധികാരം കമ്മിഷണർമാർക്ക് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. മദ്യനയത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരിനിടെ ബാർ ലൈസൻസ് അധികാരം സർക്കാർ കേന്ദ്രീകരിക്കുമ്പോൾ വരാനിരിക്കുന്ന പുതിയ മദ്യനയത്തിലേക്കാണ് ഇനി കേരളത്തിന്റെ ശ്രദ്ധ.

Leave a Reply

Your email address will not be published. Required fields are marked *