LatestNEWS

ആശമാരുടെ സംസ്ഥാന സമ്മേളനം 31, 1 തീയതികളിൽ

Spread the love

ആശാസമരത്തിന് നേതൃത്വം നൽകിയ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സംസ്ഥാന ആശാ സമ്മേളനം ഒക്ടോബർ 31, നവംബർ 1 തീയതികളിലായി നടക്കും. 266 ദിവസം നീണ്ടു നിന്ന സമരത്തിലൂടെ തൊഴിലിലും വരുമാനത്തിലും ഗണ്യമായ നേട്ടങ്ങളാണ് ആശമാർ സ്വന്തമാക്കിയത്. 2025 ഫെബ്രുവരി 10 ന് ആരംഭിച്ച സമരം മുൻ സർക്കാർ 1000 രൂപ ഓണറേറിയ വർധന പ്രഖ്യാപിച്ചതോടെയാണ് കഴിഞ്ഞ നവംബർ ഒന്നിന് അവസാനിപ്പിച്ചത്.31 ന് 3 മണിക്ക് ആശാ സമര കേന്ദ്രമായിരുന്ന സെക്രട്ടറിയേറ്റ് പടിക്കൽ നിന്ന് പ്രകടനം ആരംഭിക്കും. നാലുമണിക്ക് നായനാർ പാർക്കിൽ പൊതുസമ്മേളനം ആരംഭിക്കും. ഡോ കെ ജി താര ഉദ്ഘാടനം ചെയ്യും.തുടർന്ന് സമര ദിനങ്ങളുടെ ഓർമ്മ പുതുക്കി ഡോക്യുമെൻററി പ്രദർശനവും ആശമാരുടെ കലാ പരിപാടികളും നടക്കും. നവംബർ ഒന്നിന് രാവിലെ 10 മണി മുതൽ അയ്യങ്കാളി ഹാളിൽ പ്രതിനിധി സമ്മേളനം നടക്കും.ആശ സമര ചരിത്രം ചുരുക്കത്തിൽ.ആശമാരുടെ ഓണറേറിയത്തിലും ഇൻസെൻ്റീവിലും കുടിശിക കൂടി വരികയും മാനദണ്ഡങ്ങൾ വെച്ച് തുച്ഛമായ വരുമാനം പോലും വെട്ടി കുറക്കുകയും ബജറ്റിൽപ്പോലും ഒരു രൂപ നീക്കി വെക്കാതെ വഞ്ചിക്കുകയും ചെയ്തപ്പോഴാണ് ആശമാർ രാപകൽ സമരം ആരംഭിച്ചത്. അവഗണിച്ചും ആക്ഷേപിച്ചും സമരത്തെ ഒറ്റപ്പെടുത്താൻ അന്നത്തെ സർക്കാരും ഭരണകക്ഷികളും ശ്രമിച്ചെങ്കിലും സഹന സമരത്തിലൂടെ ആശമാർ ജനപിന്തുണ നേടിയെടുത്തു.സമര നേതാക്കളുമായി സർക്കാർ പല തവണ ചർച്ച നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതിനാൽ സമരം നീണ്ടു. ആശമാരുടെ കുടുംബ സംഗമം, മഹാസംഗമം, നിയമസഭ മാർച്ച്, വനിതാ സംഗമം,മുടി മുറിക്കൽ,സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി വിവിധ സമരമുറകൾക്ക് ശേഷം നിരാഹാര സമരം ആരംഭിച്ചു. പന്തൽ കെട്ടാൻ അനുമതി ലഭിക്കാതിരുന്ന സെക്രട്ടറിയേറ്റിനു മുന്നിൽ ഇതിനായി ആശമാർ സ്ഥിരം സമരപ്പന്തൽ ഉയർത്തി. അടുത്ത ഘട്ടമായി ആശമാർ നടത്തിയ രാപകൽ സമര യാത്ര ചരിത്രത്തിൽ ഇടം നേടി. 45 ദിവസം നീണ്ടുനിന്ന യാത്രയിൽ ആശമാർ തെരുവിൽ ഉറങ്ങി നടത്തിയ സമരം ചരിത്രമായി. ഒക്ടോബർ 28ന്റെ ക്ലിഫ് ഹൗസ് മാർച്ചിൽ സഹനം വെടിഞ്ഞ ആശമാരെ കേരളം കണ്ടു. നേട്ടങ്ങൾസമര ഫലമായി എൽഡിഎഫ് സർക്കാർ രണ്ട് തവണയായി വർദ്ധിപ്പിച്ച 2000 രൂപയും യുഡിഎഫ് സർക്കാർ വർദ്ധിപ്പിച്ച 3000 രൂപയും ചേർത്ത് 5000 രൂപയുടെ വർദ്ധനയാണ് ഓണറേറിയത്തിൽ മാത്രം ആശമാർ നേടിയെടുത്തത്. ആശമാരുടെ ജോലി കൃത്യമായി നിർവചിക്കുന്ന സർക്കുലർ ഇറക്കി കടുത്ത ജോലിഭാരത്തിനും സമ്മർദ്ദത്തിനും വലിയ അളവിൽ അറുതി വരുത്താനും സമരത്തിലൂടെ കഴിഞ്ഞു. 62 വയസ്സിൽ പിരിഞ്ഞു പോകണമെന്ന് സർക്കുലർ പിൻവലിപ്പിച്ചത്, എല്ലാമാസവും കൃത്യമായി ഓണറേറിയവും ഇൻസെന്റീവും കുടിശ്ശിക കൂടാതെ ലഭ്യമാക്കും വിധത്തിൽ മാറ്റം സാധ്യമാക്കിയത്, ഓണറേറിയത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പൂർണമായും ഒഴിവാക്കിയത് തുടങ്ങി നിരവധി നേട്ടങ്ങളാണ് ചരിത്ര സമരത്തിലൂടെ ആശമാർക്ക് ലഭിച്ചത്. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും നൽകുക തുടങ്ങിയ അടിയന്തരമായ ആവശ്യങ്ങൾ നേടേണ്ടതുണ്ട്. ഒപ്പം മുഴുവൻ ആശമാരെയും ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തുക എന്ന ദീർഘകാല ആവശ്യവും നേടിയെടുക്കണം. ഇതിനായി വിട്ടുവീഴ്ചയില്ലാത്ത സമരവുമായി മുന്നോട്ടു പോകാൻ ആണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. അതിന്റെ തയ്യാറെടുപ്പ് കൂടിയാണ് ഈ സമ്മേളനം എന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *