കോടതിയിൽ ആറര മണിക്കൂർ വാദം! നെടുമ്പാശ്ശേരി അപകടമരണം: നാല് പ്രതികളുടെയും ജാമ്യത്തിൽ ഇന്ന് നിർണായക വിധി
അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. കേസിലെ ഒന്നുമുതൽ നാലുവരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അങ്കമാലി കോടതിയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായി. വൈകീട്ട് മൂന്നിന് തുടങ്ങിയ വാദം ആറരയോടെയാണ് അവസാനിച്ചത്. കുറ്റകരമായ നരഹത്യാ കുറ്റം നിലനിൽക്കുമോ, അപകടസമയത്തെ വേഗവും മറ്റ് തെളിവുകളും എന്താണെന്നിങ്ങനെയുള്ള കാര്യങ്ങളാണ് വാദത്തിനിടെ പ്രധാനമായും ഉയർന്നത്.പ്രതികൾക്കെതിരെ ചുമത്തിയ ഭാരതീയ ന്യായസംഹിതയിലെ 105-ാം വകുപ്പ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദൃക്സാക്ഷികളില്ലാതെ ആദ്യ എഫ്.ഐ.ആറിൽ തന്നെ ഈ വകുപ്പ് ചുമത്തിയെന്നും അപകടസമയത്തെ വാഹനത്തിന്റെ വേഗം തെളിയിക്കുന്ന രേഖകൾ പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. മൂന്ന് പേർ ഒരു സ്കൂട്ടറിലും മറ്റൊരു സുഹൃത്ത് വേറൊരു സ്കൂട്ടറിലും സഞ്ചരിച്ചതിലെ സാഹചര്യങ്ങളും പ്രതിഭാഗം ചോദ്യം ചെയ്തു. ഒന്നാം പ്രതിക്കെതിരെ മുമ്പ് ചെറിയ പരാതിപോലും ഉണ്ടായിരുന്നില്ലെന്നും അപകടം നടന്നപ്പോൾ ഇയാൾ സ്ഥലത്തുനിന്ന് ഓടിപ്പോയില്ലെന്നും കുടുംബത്തിനെതിരെ ആക്രമണം നടക്കുന്നതായും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം സംഭവത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചെന്നും പ്രതിഭാഗം വാദിച്ചു. കാറിലുണ്ടായിരുന്ന രണ്ടുമുതൽ നാലുവരെയുള്ള പ്രതികൾ, ഒന്നാം പ്രതി അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് തടഞ്ഞില്ലെന്ന ആരോപണത്തിനും എഫ്.ഐ.ആറിന് അടിസ്ഥാനമായ സാക്ഷിമൊഴിയിൽ പിന്തുണയില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയിട്ടില്ലെന്നും സീൻ മഹസർ ഒളിപ്പിച്ചുവെച്ചെന്നും അവർ ആരോപിച്ചു.
എന്നാൽ, കേസന്വേഷണം തുടരുന്നതിനാൽ ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും 18 വയസ്സ് പിന്നിട്ടവർ എന്ന നിലയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് മനുഷ്യജീവന് അപകടമുണ്ടാക്കുമെന്ന് അറിയേണ്ടവരാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രതികളുടെ പ്രായം മാത്രമല്ല, അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെയും പ്രായം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. പരിശോധനയിൽ ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അതേസമയം, പിതാവ് തന്നെ രക്ഷിക്കുമെന്ന് പ്രതി പറഞ്ഞതായി പ്രചരിച്ച കാര്യവും പ്രതിഭാഗം ചോദ്യം ചെയ്തു.സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. അപകടസമയത്തെ വേഗം, മദ്യത്തിന്റെ അളവ്, പ്രതികളുടെ പങ്ക്, അന്വേഷണത്തിലെ തെളിവുകൾ എന്നിവയെല്ലാം ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ നിർണായകമാകും. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ, നാല് പ്രതികൾക്ക് ജാമ്യം ലഭിക്കുമോ എന്നറിയാൻ ഇന്നത്തെ കോടതി വിധിക്കായി കാത്തിരിക്കുകയാണ്.


