ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ഫാർമസിസ്റ്റിന് വീഴ്ച പറ്റിയതായി കണ്ടെത്തൽ
ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിന് ഗുരുതര വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണത്തിൽ സ്ഥിരീകരണം. പുതിയ സ്റ്റോക്കുകൾ ലഭ്യമായിരുന്നിട്ടും, പഴയ സ്റ്റോക്കിൽ നിന്നുമാണ് ഫാർമസിസ്റ്റ് ഓയിൻമെന്റ് എടുത്തു നൽകിയതെന്ന് ഡെപ്യൂട്ടി ഡിഎംഒ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പുതിയ സ്റ്റോക്ക് നീല കവറിലും, കാലാവധി കഴിഞ്ഞ പഴയ സ്റ്റോക്ക് വെള്ള കവറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ വ്യത്യാസം ശ്രദ്ധിക്കാതെ പഴയ മരുന്ന് നൽകിയ സംഭവത്തിൽ ഫാർമസിസ്റ്റിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയുടെ കുഞ്ഞിനാണ് ഈ ദുരനുഭവമുണ്ടായത്. ഡോക്ടറുടെ കുറിപ്പടിയുമായി ഫാർമസിയിൽ എത്തിയ സോബിന് 2024 ജൂണിൽ നിർമ്മിച്ച് കാലാവധി കഴിഞ്ഞ ഓയിൻമെന്റാണ് ലഭിച്ചത്. എന്നാൽ വീട്ടിലെത്തിയ ശേഷം കുഞ്ഞിന് പുരട്ടുന്നതിന് മുൻപ് മാതാപിതാക്കൾ കാലാവധി പരിശോധിച്ചതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. തുടർന്ന് കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയും, ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫാർമസിസ്റ്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധ പുറത്തുവന്നത്.


