സംസ്ഥാനത്തെ 38 വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് (Kerala Local Body By Election) നടക്കും. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വാർഡ് അംഗങ്ങൾ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മൂന്ന് മുന്നണികളും തമ്മിലുളള ആദ്യ രാഷ്ട്രീയ പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ രണ്ടു കോർപറേഷൻ വാർഡുകളുൾപ്പെടെ 38 തദ്ദേശ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് നഗരസഭാ വാർഡുകളിലും തിരുവനന്തപുരം , കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ഉപതിരഞ്ഞെടുപ്പ് നടക്കും. ഏഴ് ബ്ലോക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും വൻ പോരാട്ടമാണ് നടക്കാൻ പോകുന്നത്. എട്ടുവാർഡുകളിലെ അംഗങ്ങൾ എംഎൽഎമാരായതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. സുധീർഷാ പാലോട്, ദീപക് ജോയിസ ഫാത്തിമ തെഹ്ലിലിയ, സി വി ശാന്തകുമാർ, വിനു ജോബ്, ടി എം ശശി, സുമേഷ് അച്യുതൻ, ഉഷാ വിജയൻ എന്നിവരാണ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.നിലവിലെ കണക്കനുസരിച്ച് , മത്സരം നടക്കുന്ന തദ്ദേശ വാർഡുകളിൽ യുഡിഎഫിനാണ് മേധാവിത്വം. 22 എണ്ണം യുഡിഎഫിന്റെ സിറ്റിംഗ് വാർഡുകളാണ്. 15 എണ്ണം എൽഡിഎഫിനൊപ്പവും. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വൻ്റി20 അംഗം രാജി വെച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നശേഷമുളള ആദ്യ രാഷ്ട്രീയ പോരാട്ടമായതിനാൽ കേരളം വളരെ ആവേശത്തോടെയും ഗൗരവത്തോടെയുമാണ് തിരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നത്. പ്രാദേശിക വിഷയങ്ങൾക്ക് അപ്പുറം പവർകട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രചാരണത്തിൽ ശക്തമായി മറ്റ് പാർട്ടികൾ ചർച്ച ചെയ്തിരുന്നു.


