ബാലരാമപുരം കോട്ടുകാൽകോണത്ത് അഞ്ചുവയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
ബാലരാമപുരം: കോട്ടുകാൽകോണത്ത് അഞ്ചുവയസ്സുകാരനെ സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽ സി.എസ്.ഐ ചർച്ചിന് സമീപം താമസിക്കുന്ന ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക് ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ ബാലരാമപുരം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസും നെയ്യാറ്റിൻകരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. തെരച്ചിലിനൊടുവിൽ സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ കിണറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഫയർഫോഴ്സ് സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടി എങ്ങനെ കിണറ്റിൽ വീണു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചു.


