അമരവിളയിൽ 51 ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശി പിടിയിൽ
നെയ്യാറ്റിൻകര: ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി അമരവിള ചെക്‌പോസ്റ്റ് വെച്ച് എക്സൈസ് പിടികൂടി. കൊല്ലം സ്വദേശി അക്ഷയ് (21) ആണ് 51 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്.കൊല്ലം കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി ബുധനാഴ്ചയാണ് ഇയാൾ ബാംഗ്ലൂരിലേക്ക് പോയത്. തുടർന്ന് ആഡംബര ബസ്സിൽ കൊല്ലത്തേക്ക് മടങ്ങുന്നതിനിടെ അമരവിള ചെക്‌പോസ്റ്റിൽ വെച്ച് എക്സൈസ് സംഘം നടത്തുകയായിരുന്ന ലഹരിവിരുദ്ധ വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ സൂക്ഷിച്ചിരുന്നത്.പ്രതിയെ എക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്തു. ഇയാൾക്ക് ലഹരി കൈമാറിയ ബാംഗ്ലൂരിലെ കണ്ണികളെക്കുറിച്ചും, കൊല്ലത്ത് ലഹരിമരുന്ന് വാങ്ങാൻ കാത്തിരുന്ന സംഘത്തെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം എക്സൈസ് സംഘം പറഞ്ഞു.


