ഭക്തർ കഴിച്ചു; ശബരിമലയിൽ ഓണസദ്യ മുടങ്ങിയിട്ടില്ലെന്ന് ദേവസ്വം ബോർഡ്

Spread the love

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ഈ വർഷം തിരുവോണസദ്യ മുടങ്ങിയിട്ടില്ല എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 3000 ഭക്തർ സദ്യ കഴിച്ചു എന്നും ദേവസ്വം മെസിൽ സദ്യ ഒരുക്കിയിരുന്നതായും അറിയിച്ചു. അതേസമയം ഈ വർഷം ഓണത്തിന് ശബരിമലയിൽ സദ്യ ഉണ്ടായിരുന്നില്ല എന്ന ആരോപണം അടിയന്തരമായി അന്വേഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം മന്ത്രി കെ മുരളീധരൻ നിർദേശം നൽകി.മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ പ്രവർത്തനങ്ങളിൽ ഏകോപനം കുറഞ്ഞോ എന്ന് പരിശോധിക്കണമെന്നും വീഴ്ച കണ്ടെത്തിയിട്ടുണ്ടെങ്കിൽ കർശനമായ നടപടി ഉടനെ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.അന്നദാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപടിക്രമങ്ങൾ ഉണ്ടാക്കണം എന്നും മന്ത്രി പറഞ്ഞു. എന്നാൽ തിരുവോണ സദ്യ മുടങ്ങിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ദേവസ്വം ബോർഡ്.എല്ലാവർഷവും നടത്തുന്നതുപോലെ ഇത്തവണയും ദേവസ്വം തിരുവോണ സദ്യ നടന്നു. മൂവായിരത്തോളം ഭക്തർ സദ്യയിൽ പങ്കെടുത്തുവെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.. ഉത്രാട ദിവസം മേൽശാന്തി തിരുവോണ ദിവസം ദേവസ്വം ജീവനക്കാർ അവിട്ടത്തിന്റെ ദിവസം പോലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെയാണ് സദ്യ നടത്തിയിരുന്നത് എന്നും അറിയിച്ചു.അതേസമയം സദ്യ നടത്തുന്നവർ രാവിലെയും വൈകിട്ടും ഉള്ള ആഹാരം കൂടി ഏർപ്പെടുത്തണമെന്ന് ബോർഡ് നിബന്ധന വച്ചിരുന്നു. എങ്കിൽ മാത്രമാണ് മെസ്സിലെ ആ ദിവസങ്ങളിലെ ബില്ല് കരാറുകാരന് കുറച്ചു നൽകാൻ സാധിക്കുക. ഇതോടെ മേൽശാന്തിയും പോലീസും സദ്യയിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.ദേവസ്വം ജീവനക്കാരുടെ സദ്യ ബോർഡ് ഏറ്റെടുത്തു. ശബരിമലയിൽ എത്തുന്ന വ്യവസായികളിൽ നിന്ന് അടക്കം പണം പിരിച്ചുകൊണ്ടാണ് ജീവനക്കാർ സദ്യ നടത്തിയിരുന്നത് എന്നും റിപ്പോർട്ട്. പിരിവ് വേണ്ട എന്ന് നിർദ്ദേശിച്ചാണ് സദ്യ ബോർഡ് ഏറ്റെടുത്തത്. തിരുവോണത്തിന് മെസിൽ സദ്യയും അന്നദാന മണ്ഡപത്തിൽ പുലാവുമാണ് നൽകിയിരുന്നത്. ഇതിനിടെ പിരിവ് വിലക്കിയതിന്റെ പേരിലുള്ള വിദ്വേശമാണ് സദ്യ മുടങ്ങി എന്ന ആരോപണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *