സർക്കാർ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം; കെജിഎംഒഎയുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

Spread the love

കൊച്ചി: സർക്കാർ ആശുപത്രികളിലെ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം സംബന്ധിച്ച തർക്കത്തിന് പരിഹാരം. ആരോഗ്യമന്ത്രിയും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും (കെജിഎംഒഎ) തമ്മിൽ നടത്തിയ ചർച്ചയിലാണ് സമവായത്തിലെത്തിയത്. സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഒഴിവുകൾ നികത്താനും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാനും സർക്കാർ സമ്മതിച്ചു.ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെജിഎംഒഎ നേരത്തെ രംഗത്തെത്തിയിരുന്നു. ആവശ്യമായ തസ്തികകളിൽ നിയമനം നടത്താതെ നിലവിലുള്ള ഡോക്ടർമാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി പദ്ധതി നടപ്പാക്കുന്നതിൽ സംഘടന എതിർപ്പ് അറിയിച്ചിരുന്നു.എന്നാൽ ആശുപത്രികളിൽ ആവശ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ നിലവിൽ തന്നെ ഉണ്ടെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ സേവനം ചെയ്യുന്നവരെ പുനർവിന്യസിച്ച് പദ്ധതി നടപ്പാക്കാനാകുമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ആരോഗ്യമന്ത്രി കെജിഎംഒഎ പ്രതിനിധികളുമായി ചർച്ച നടത്തിയത്.ചർച്ചയിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യലിസ്റ്റുകളെ പുനർവിന്യസിക്കുമ്പോൾ അവരുടെ സമ്മതം തേടുമെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരെ മാറ്റുന്ന സ്ഥാപനങ്ങളിൽ പകരം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും അറിയിച്ചു. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്ന സംഘടനയുടെ ആവശ്യവും പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. ഇതോടെയാണ് പദ്ധതിക്ക് മുന്നിലുള്ള പ്രധാന തടസ്സങ്ങൾ നീങ്ങിയത്. പുനലൂർ ആശുപത്രിയിൽ 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം ഉടൻ പൂർണതോതിൽ ആരംഭിക്കും.ഓർത്തോപീഡിക്സ്, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിലാണ് ആദ്യഘട്ടത്തിൽ സേവനം ഉറപ്പാക്കുന്നത്. രാവിലെ 8 മുതൽ രാത്രി 8 വരെ ഓരോ വിഭാഗത്തിലും സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാകും. രാത്രി 8 മണിക്ക് ശേഷം ഓൺ-കോൾ സംവിധാനത്തിലൂടെ സ്പെഷ്യലിസ്റ്റുകളുടെ സേവനം ഉറപ്പാക്കും. സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ സമാനമായ രീതിയിൽ മുഴുവൻ സമയ വിദഗ്ധ ചികിത്സാ സേവനം വ്യാപിപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം..

Leave a Reply

Your email address will not be published. Required fields are marked *