കള്ളക്കടൽ പ്രതിഭാസം: കാപ്പിൽ മുതൽ പൊഴിയൂർ വരെ തീരങ്ങളിൽ കടലാക്രമണ സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (ഐഎൻസിഒഐഎസ്) മുന്നറിയിപ്പ്. നാളെ (ആഗസ്റ്റ് 13) പുലർച്ചെ 2.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെയും രാവിലെ 5.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമടക്കമുള്ള മുഴുവൻ പ്രവർത്തനങ്ങളും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൂർണമായി നിരോധിച്ചു.പ്രധാന നിർദേശങ്ങൾ: മാറിത്താമസിക്കണം: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. വള്ളങ്ങൾ ഇറക്കരുത്: കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. തിരമാല ശക്തമാകുന്ന ഘട്ടത്തിൽ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലിറക്കരുത്. യാനങ്ങൾ സുരക്ഷിതമാക്കണം: മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കാൻ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം. വിനോദസഞ്ചാരത്തിന് വിലക്ക്: ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.

