CPI കാട്ടാക്കട മണ്ഡലത്തിൽ വീണ്ടും കൂട്ടരാജി

Spread the love

CPI കാട്ടാക്കട മണ്ഡലം കമ്മിറ്റി അംഗവും ഊരൂട്ടമ്പലം മുൻ ലോക്കൽ സെക്രട്ടറിയും മുൻ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന രജിത് ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ CPI ൽ നിന്നും രാജിവച്ച് കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

CPI കാട്ടാക്കട മണ്ഡലം- ജില്ലാ നേതൃത്വത്തിൻ്റെ അഴിമതിയും, ജാതി വിവേചനവും കടുത്ത ഗ്രൂപ്പിസവും കാരണം ശക്‌തരായ നേതാക്കളെയെല്ലാം നിഷ്‌കരുണം വെട്ടി ഒതുക്കിയതും, പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം കാശു വാങ്ങി ജില്ലാ – വാർഡ് സീറ്റുകൾ വീതം വച്ചതും, മറ്റ് വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ നേതൃത്വം തന്നെ ഗൂഢാലോചന നടത്തിയതും സാധാരണ പാർട്ടി പ്രവർത്തകർക്കിടയിൽ അവ മതിപ്പുണ്ടാക്കിയിട്ടുണ്ട്. മാറനല്ലൂർ പഞ്ചായത്തിലെ പാർട്ടിയിൽ മണ്ഡലം – ജില്ലാ നേതൃത്വത്തിൻ്റെ മുൻകയ്യിൽ കണ്ടല സർവ്വീസ് സഹകരണ ബാങ്കിനെ തകർക്കുവാൻ ഗൂഢാലോചന നടത്തിയതും നേരത്തേ തന്നെ നടന്ന, വെള്ളൂർക്കോണം ക്ഷീര സംഘത്തിലെ അഴിമതിയെ തുടർന്നുമാണ് രാഷ്ട്രീയ കേരളത്തെ തന്നെ ഞെട്ടിച്ച ആസിഡ് ആക്രമണവും CPI നേതാവിൻ്റെ അസ്വാഭാവിക മരണവും സംഭവിച്ചത്. ഇതിൻ്റെയെല്ലാം പുറകിൽ മണ്ഡലം നേതൃത്വത്തിൻ്റെയും ജില്ലാ ചാർജുകാരൻ്റെയും തിരുവനന്തപുരം ജില്ലയെ നിയന്ത്രിക്കുന്ന ഒരു മുൻ മന്ത്രിയുടെയും കരങ്ങളുമുണ്ടെന്നത് അങ്ങാടിയിൽ പാട്ടാണ്. പത്തു കൊല്ലത്തെ ഭരണത്തിൻ്റെ ഭാഗമായി പാർട്ടിയിൽ രൂപമെടുത്ത അഴിമതിയുടെ കോക്കസ് ആണ് പാർട്ടിയെ എല്ലാ തലങ്ങളിലും നിയന്ത്രിക്കുന്നത്. ഇത്തരം കോക്കസിലുൾപ്പെടാത്തവരെയും പിന്നോക്കകാരായ ജനപിന്തുണയുള്ള നേതാക്കളെയും ശത്രുക്കളായാണ് സവർണ നേതൃത്വം കാണുന്നത്. പിന്നോക്കക്കാരായവർ, ജോലി ചെയ്യാനും സംഘടിപ്പിക്കാനും മാത്രം മതിയെന്നും ,താക്കോൽ സ്ഥാനങ്ങളിലിരുത്തിയാൽ പൊതുജനം അംഗീകരിക്കില്ലെന്നുമാണ് നേതാക്കൾ പരസ്യമായി പറയുന്നത്. കഴിഞ്ഞ നാളുകളിൽ കാട്ടാക്കട മണ്ഡലത്തിൽ നിരവധിയാളുകളാണ് CPI ൽ നിന്നും രാജിവെച്ച് മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറിയത്. ഇനിയും നിരവധി പേർ നേതൃത്വത്തിൻ്റെ പിടിപ്പു കേട് കാരണം CPI ൽ നിന്നും വിട്ടു നിൽക്കുകയാണെന്നും രജിത് ബാലകൃഷണൻ പറഞ്ഞു. CPI നേതാവും AITUC തിരു: ജില്ലാ സെക്രട്ടറിയുമായ സ : അഭിലാഷ്. എ. ആൽബർട്ടിനെതിരായ സംഘടനാ നടപടിയിൽ പ്രതിഷേധിച്ച് നിരവധി മണ്ഡലം കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് സഖാക്കൾ പാർട്ടി മെംബർഷിപ് പോലും പുതുക്കാതെ മാറി നിൽക്കുകയാണെന്നും ഇത് കാട്ടാക്കട മണ്ഡലത്തിൽ പാർട്ടിയുടെ അടിത്തറ തകർത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരുടെയും ജാതിമേധാവികളുടെയും പാർട്ടിയായി CPI അധ:പതിച്ചതിനാലാണ് ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും കൂട്ടിച്ചേർത്തു.

ഡി സി സി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എൻ ശക്തൻ MLA, സിപിഐ യിൽ നിന്നും കോൺഗ്രസിൽ ചേർന്ന നേതാക്കളെ ഷാൾ അണിയിച്ചു സ്വീകരിച്ച് അംഗത്വം നൽകി. എം ആർ ബൈജു MLA, മീനാങ്കൽ കുമാർ, വത്സകുമാർ, കൈമനം പ്രഭാകരൻ, പള്ളിച്ചൽ സതീഷ്, കവടിയാർ സുരേഷ്, നക്കോട് അരുൺ, പ്രസന്നകുമാർ, മഹീന്ദ്രൻ, ഊരുട്ടുമ്പലം വിജയൻ, വി എസ് സുലോചനൻ, മോൻസി കൊറ്റംപള്ളി, ജയകുമാർ, ജ്യോതിഷ് കുമാർ, പ്രസാദ്, വിപിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *