കുടുംബശ്രീ അംഗങ്ങള്‍ ചേർന്ന് നടത്തുന്ന കഫെ ആൻഡ് റസ്റ്ററന്റ് തീപിടിച്ച് നശിച്ചു
ചോറ്റാനിക്കര: കുടുംബശ്രീ അംഗങ്ങള്‍ ചേർന്ന് നടത്തുന്ന കഫെ ആൻഡ് റസ്റ്ററന്റ് തീപിടിച്ച് നശിച്ചു. ചോറ്റാനിക്കര തുപ്പുംപടിയില്‍ പ്രവർത്തിരുന്ന കടയാണ് തീപിടിത്തത്തില്‍ നശിച്ചത്.തിങ്കളാഴ്ച്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കട കത്തിയതായി കണ്ടത്. ഫർണീച്ചർ, റഫ്രിജറേറ്റർ, പാത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും പൂർണമായും കത്തിനശിച്ച നിലയിലായിരുന്നു.മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയില്‍പ്പെട്ട വത്സ മുരുകൻ, ബിനു അനീഷ്, ജലജ ശശി എന്നിവരുടെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് മുന്പായിരുന്നു കഫേ ആരംഭിച്ചത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനുള്ള കാരണമെന്നാണ് സൂചന. ഗ്യാസ് സിലിണ്ടറിന് തീ പിടിക്കാതിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാകാത്തതിനാല്‍ ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെ വിഷമസന്ധിയിലായിരിക്കുകയാണ് സംരംഭകർ. മുളന്തുരുത്തി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള സംരംഭമാണെങ്കിലും പ്രവർത്തിച്ചിരുന്നത് ചോറ്റാനിക്കര പഞ്ചായത്തിലെ തുപ്പുംപടിയിലായിരുന്നു.

