കേരളം ഇപ്പോള്‍ കടന്ന് പോകുന്നത് കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെ

Spread the love

പാലക്കാട്: കേരളം ഇപ്പോള്‍ കടന്ന് പോകുന്നത് കടുത്ത തൊഴിലാളി ക്ഷാമത്തിലൂടെയാണ്. സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലയില്‍ ഒഴിവാക്കാനാകാത്ത സാന്നിദ്ധ്യമായിരുന്നു അംഗബലം കൊണ്ട് ഭായിമാര്‍ എന്ന് നമ്മള്‍ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍.എന്നാല്‍ ഇപ്പോഴത്തെ തൊഴിലാളി ക്ഷാമം കൊവിഡ് ലോക്ഡൗണിന് ശേഷമുള്ളതിന് സമാനമാണ്. ഇക്കാരണത്താല്‍ തന്നെ നിര്‍മാണ മേഖലയും ഹോട്ടല്‍ വ്യവസായും ശരിക്കും ബുദ്ധിമുട്ടുകയാണ്.പാചകവാതക പ്രതിസന്ധി, വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് ഭായിമാര്‍ കൂട്ടത്തോടെ കേരളം വിട്ടതിന് പിന്നില്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയതോടെ സ്ഥിതി മാറി. ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതും എസ്‌ഐആറിന്റെ അലയൊലികള്‍ അടങ്ങാത്തതും പലരേയും നാട് വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് തൊഴില്‍ ആവശ്യത്തിന് പോകുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.സര്‍ക്കാര്‍ മാറിയതിനാല്‍ നാട്ടില്‍ മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കുമെന്ന ചിന്തയില്‍ കേരളത്തിലേക്ക് ഉള്‍പ്പെടെ ഒരു മടക്കം വേണ്ടെന്ന് തീരുമാനിച്ചത് വലിയൊരു വിഭാഗമാണ്. കേരളത്തിലെ നിര്‍മാണ മേഖലയുടെ നട്ടെല്ലായ ഭായിമാരെ തിരികെ എത്തിക്കാന്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ട്രെയിന്‍ ടിക്കറ്റും വഴിച്ചെലവും നല്‍കിയാണ് മുന്നിട്ടിറങ്ങിയത്. കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന ആവശ്യം റെയില്‍വേക്ക് മുന്നില്‍വയ്ക്കുകയും ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുകയുമാണ് ബില്‍ഡര്‍മാര്‍.കേരളത്തില്‍ നിന്ന് മേസ്തിരിമാരെ ബംഗാളിലേക്കും ബിഹാറിലേക്കും അയച്ചാണ് ‘റിക്രൂട്ട്‌മെന്റ്’. എന്നാല്‍ കേരളത്തിന് സമാനമായി തൊഴിലാളി ക്ഷാമം നേരിടുന്ന തമിഴ്‌നാടും കര്‍ണാടകയും ഇപ്പോള്‍ ചെയ്യുന്ന കാര്യം കേരളത്തിന് കനത്ത വെല്ലുവിളിയാണ്. മേസ്തിരിമാരുടെ നേൃത്വത്തത്തില്‍ കേരളത്തിലേക്ക് പുറപ്പെടുന്ന തൊഴിലാളികളെ പാതിവഴിയില്‍ റാഞ്ചുകയാണ് കര്‍ണാടക, തമിഴ്‌നാട് സംഘങ്ങള്‍. അടുത്തിടെ കേരളത്തിലേക്ക് പുറപ്പെട്ട 200 അംഗ സംഘം ട്രെയിന്‍ കേരളത്തിലെത്തിയപ്പോള്‍ പത്തിലൊന്നായി കുറഞ്ഞിരുന്നു.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ചെന്നൈ വഴിയും മംഗളൂരു വഴിയും കേരളത്തിലേക്ക് വരുന്ന തൊഴിലാളികളെ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ഇത്തരം സംഘങ്ങള്‍ റാഞ്ചുന്നത്. ചെന്നൈ, മംഗളൂരു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തില്‍ മഴക്കാലത്ത് തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞതും ഭായിമാര്‍ക്ക് കേരളത്തോടുള്ള താത്പര്യം കുറച്ചുവെന്നാണ് കണക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളില്‍നിന്ന് മംഗളൂരു വഴിയും ഒഡീഷ, ബംഗാള്‍, അസാം തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ചെന്നൈ വഴിയുമാണ് തൊഴിലാളികള്‍ എത്തുന്നത്. ഇതിനിടയിലുള്ള സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറുന്ന ഏജന്റുമാര്‍ പണിക്കൂലി കൂട്ടിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തൊഴിലാളികളെ ചെന്നൈക്കും മംഗളൂരുവിനും മുന്‍പുള്ള ചെറിയ സ്റ്റേഷനുകളില്‍ ഇറക്കും. ഇറങ്ങേണ്ട സമയമാകുമ്പോഴാണ് സംഘത്തലവനായ മേസ്തിരി പോലും തൊഴിലാളികള്‍ കൂടെയില്ലെന്ന് തിരിച്ചറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *