എസ്എച്ച്ഒ മാറി വീണ്ടും എസ്ഐ വരും: സിഐക്ക് സ്റ്റേഷൻ ചുമതല ഇല്ല

Spread the love

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നതിന് പിന്നാലെ സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തനത്തില്‍ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ) സംവിധാനം പൂര്‍ണമായും ഉടച്ചുവാര്‍ത്ത്, സ്റ്റേഷനുകളുടെ ഭരണം വീണ്ടും സബ് ഇൻസ്പെക്റ്റര്‍മാര്‍ക്ക് (എസ്ഐ) കൈമാറാനാണ് ആഭ്യന്തര വകുപ്പിന്‍റെ നീക്കം.ഇതിനു പകരം, മുന്‍പുണ്ടായിരുന്ന ‘സര്‍ക്കിള്‍’ സംവിധാനം തിരിച്ചു കൊണ്ടുവരാനും പദ്ധതിയുണ്ട്. ഇത് സംബന്ധിച്ച് ഡിജിപി രവദ ചന്ദ്രശേഖര്‍ സമഗ്രമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയതായാണ് വിവരം. പുതിയ മാറ്റങ്ങള്‍ അടങ്ങിയ പദ്ധതിയുടെ വിവരങ്ങള്‍ ഡിജിപി നിയുക്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സമര്‍പ്പിക്കും.പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനവും കാര്യക്ഷമതയും ഉറപ്പാക്കാനായി ഇൻസ്പെക്റ്റര്‍മാരെ (സിഐ) സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരാക്കിയ പരിഷ്‌കാരം പ്രതീക്ഷിച്ച വിജയം കണ്ടില്ലെന്ന സേനയ്ക്കുള്ളിലെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ പൊളിച്ചെഴുത്ത്.2018ല്‍ തുടങ്ങി 2020ഓടെയാണ് സംസ്ഥാനത്തെ 468ഓളം സ്റ്റേഷനുകളുടെ ഭരണം ഇൻസ്പെക്റ്റര്‍മാര്‍ക്ക് കീഴിലാക്കിയത്. എന്നാല്‍, സിഐമാര്‍ സ്റ്റേഷനുകളിലെ ദൈനംദിന ഭരണപരമായ പ്രവര്‍ത്തനങ്ങളിലും ക്രമസമാധാന പ്രശ്‌നങ്ങളിലും മുഴുകുന്നതോടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു.പ്രതിവര്‍ഷം 3,000ല്‍ അധികം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രധാനപ്പെട്ട എ ക്ലാസ് സ്റ്റേഷനുകളില്‍ മാത്രമേ ഇനി ഇൻസ്പെക്റ്റര്‍മാര്‍ എസ്എച്ച്ഒമാരായി തുടരുകയുള്ളൂ. കേസുകള്‍ കുറവുള്ള ബി, സി കാറ്റഗറി സ്റ്റേഷനുകളുടെ ചുമതല എസ്ഐമാര്‍ക്ക് മടക്കി നല്‍കും. പ്രതിവര്‍ഷം 500ല്‍ താഴെ കേസുകള്‍ മാത്രം വരുന്ന 106 സി കാറ്റഗറി സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ ആദ്യഘട്ടമായി 60 സ്റ്റേഷനുകളുടെ ഭരണം ഉടന്‍ എസ്ഐമാരെ ഏല്‍പ്പിക്കും. ബാക്കി സ്റ്റേഷനുകളില്‍ രണ്ട് എസ്ഐമാരെ വീതം നിയമിച്ച ശേഷമാകും മാറ്റം.പുതിയ ക്രമീകരണത്തോടെ പ്രധാന സ്റ്റേഷനുകള്‍ ഒഴികെ, രണ്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരു ഇൻസ്പെക്റ്റര്‍ എന്ന പഴയ സര്‍ക്കിള്‍ ശൈലി നിലവില്‍ വരും. ആയിരത്തില്‍ താഴെ കേസുകള്‍ വരുന്ന സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല എസ്ഐമാര്‍ക്കായിരിക്കും.സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സർക്കിൾ ഇൻസ്പെക്റ്റര്‍മാരെ സേനയുടെ മറ്റ് സുപ്രധാന മേഖലകളിലേക്ക് പുനര്‍വിന്യസിക്കും. സൈബര്‍ സെല്‍, പോക്‌സോ ഡിവിഷന്‍, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്), ജില്ലാ ക്രൈം, എആര്‍ ക്യാംപുകള്‍ എന്നിവിടങ്ങളിലാകും ഇവരെ പ്രധാനമായും നിയമിക്കുക.നിലവില്‍ ഉദ്യോഗസ്ഥരുടെ കുറവ് മൂലം ഗുരുതര കേസുകളുടെ അന്വേഷണം ഉൾപ്പടെ കെട്ടിക്കിടക്കുകയാണെന്നാണ് വിവരം. സിഐമാരെ ഈ വിഭാഗങ്ങളിലേക്ക് മാറ്റുന്നതോടെ കേസന്വേഷണങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് എഡിജിപി തല യോഗത്തിന്‍റെ വിലയിരുത്തല്‍.എസ്ഐമാര്‍ക്ക് ചുമതല കൈമാറുന്ന സ്റ്റേഷനുകളിലെ പോക്‌സോ, സംഘടിത ആക്രണങ്ങള്‍ തുടങ്ങിയ ഗുരുതര കേസുകള്‍ ഡിവൈ.എസ്പിമാരോ ജില്ലാക്രൈം ബ്രാഞ്ചിലെ ഇൻസ്പെക്റ്റര്‍മാരോ ആയിരിക്കും ഇനി നേരിട്ട് അന്വേഷിക്കുക. സേനയിലെ അച്ചടക്കം കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടിക്രമങ്ങളിലും മാറ്റം വരും.

Leave a Reply

Your email address will not be published. Required fields are marked *