കെസി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വീട്ടിലേക്ക് വിളിപ്പിച്ചു; ഫോര്‍മുല തയ്യാര്‍
കേരള മുഖ്യമന്ത്രി ആരാകുമെന്ന പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി വീട്ടിലേക്ക് വിളിപ്പിച്ചു. കര്‍ണാടകയിലെ മുഖ്യമന്ത്രി തീരുമാനത്തിലടക്കം ഏറെ നിര്‍ണായകമായ കെസിയുടെ ഡല്‍ഹിയിലെ 51 ലോധി എസ്റ്റേറ്റ് എന്ന വീട് കുറച്ച് ദിവസങ്ങളായി ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. വി.ഡി. സതീശന്‍ രാവിലെ 7.15 ഓടെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മകള്‍ ഉണ്ണിമായയും സഹോദരന്റെ മകളും അദ്ദേഹത്തിനൊപ്പം കാറിലുണ്ട്. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ തുടരുകയാണ് രമേശ് ചെന്നിത്തല. അവസാന നിമിഷവും സമവായ സ്ഥാനാര്‍ഥിയായി ചെന്നിത്തലയുടെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുമെന്ന്ണ് അദ്ദേഹത്തിന്റെ ക്യാംപിന്റെ വിശ്വാസം.അല്‍പ്പ സമയം മുമ്പ് കെസി രാഹുലിന്റെ വീട്ടിലെത്തി. ഇരുവരും തമ്മില്‍ രഹസ്യ ചര്‍ച്ച നടക്കുകയാണ്.ന്യൂഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തിറങ്ങിയ കെ.സി. വേണുഗോപാല്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചില്ല. കാറിനുള്ളില്‍ ചിരിച്ചു കൊണ്ടാണ് കെ.സി. വേണുഗോപാല്‍ ഇരുന്നത്.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രാവിലെ 10.30ന്റെ വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. മുഖ്യമന്ത്രിയാരെന്ന കാര്യത്തില്‍ നേതാക്കളെ വിളിച്ച് രാഹുല്‍ ഗാന്ധി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ഘടക കക്ഷികളോടും അദ്ദേഹം പേര് പറഞ്ഞിട്ടില്ല. നിയമസഭാ കക്ഷി യോഗത്തിന് മുന്‍പ് ഡല്‍ഹിയില്‍ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതാണ് പതിവ് രീതി. എന്നാല്‍ ഇക്കാര്യത്തിലും അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആരെന്ന് പറയുമോ അതോ പാക്കേജ് പറയുമോ എന്ന കാര്യത്തിലും ആകാംക്ഷ തുടരുകയാണ്.

