വോട്ടെണ്ണാൻ മണിക്കൂറുകൾ; ഇന്ദിരാഭവനും എകെജി സെന്ററും മാരാർജി ഭവനും സജ്ജം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടി ആസ്ഥാനങ്ങൾ സജ്ജമായി.കെപിസി ആസ്ഥാനമായ *ഇന്ദിരാഭവന്* മുന്നിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എൽഇഡി വാളുകൾ, പന്തൽ, കുടിവെള്ളം, ഫാനുകൾ തുടങ്ങിയ സൗകര്യങ്ങളോടെ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് ഫലം അറിയാനാണ് തീരുമാനം. ഭരണത്തിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.കെപിസി പ്രസിഡന്റ് *സണ്ണി ജോസഫ്* അടക്കമുള്ള നേതാക്കൾ രാവിലെ 9 മണിയോടെ ആസ്ഥാനത്തെത്തും. *വി.ഡി. സതീശൻ* കന്റോൺമെന്റ് ഹൗസിൽ നിന്നായിരിക്കും ഫലം വിലയിരുത്തുക. *എ.കെ. ആന്റണി* വീട്ടിലിരുന്ന് ജനവിധി നിരീക്ഷിക്കുമെന്ന് അറിയിച്ചപ്പോൾ, *കെ.സി. വേണുഗോപാൽ* ഡൽഹിയിലായിരിക്കാനാണ് സാധ്യത. നേരത്തെ സ്ഥാപിച്ച വൈദ്യുതാലങ്കാരങ്ങൾ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ നീക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം നിർദേശിച്ചിട്ടുണ്ട്.അതേസമയം, സിപിഎം ക്യാംപിലും ആത്മവിശ്വാസം നിറഞ്ഞ അന്തരീക്ഷമാണ്. തുടർഭരണം ഉറപ്പാണെന്ന വിലയിരുത്തലിൽ മധുരപലഹാരങ്ങളും *പൂഴിക്കുന്ന് ആശാന്റെ പടക്കങ്ങളും* തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി *എം.വി. ഗോവിന്ദൻ* രാവിലെ എകെജി സെന്ററിലെത്തും. ഫലത്തിന്റെ സാഹചര്യങ്ങൾ അനുസരിച്ച് തിരുവനന്തപുരത്ത് തുടരണോ കണ്ണൂരിലേക്ക് മടങ്ങണോ എന്ന് തീരുമാനിക്കും.ബിജെപി സംസ്ഥാന ആസ്ഥാനമായ *മാരാർജി ഭവനിലും* ഫലമറിയാൻ വലിയ സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ*, മേയർ വി.വി. രാജേഷ്* എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ 10 മണിയോടെ അവിടെ എത്തുമെന്നാണ് വിവരം.

