പാനി പൂരിയിൽ ‘മനംമയങ്ങി’ ജാപ്പനീസ് യുവതി; സ്വന്തമായി കട തുടങ്ങാനും ആലോചന

Spread the love

ഭാരതീയ രുചികൾ ലോകമെങ്ങും പ്രശസ്തമാണെങ്കിലും, ഒരു ജാപ്പനീസ് സംരംഭകയെ ഇത്രത്തോളം ‘അടിമയാക്കിയ’ മറ്റൊരു വിഭവം വേറെ കാണില്ല. ഉത്തരേന്ത്യൻ തെരുവുകളിൽ ജനിച്ചു വളർന്ന് മലയാളികളുടെയും പ്രിയ വിഭവമായി മാറിയ പാനി പൂരിയുടെ സ്വാദിൽ മനംമയങ്ങിയ ഹെർമെസ് എന്ന ജാപ്പനീസ് യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.വെറുമൊരു ഇഷ്ടത്തിനപ്പുറം, പാനി പൂരിയുടെ പേരിൽ സ്വന്തമായി ഒരു കട തുടങ്ങുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണ് ഹെർമെസ്. ജാപ്പനീസ് ഭാഷയിൽ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം തന്റെ ‘പാനി പൂരി പ്രേമം’ വെളിപ്പെടുത്തിയത്.വിദേശ വിഭവങ്ങളോട് പൊതുവെ താൽപ്പര്യമില്ലാത്ത തന്റെ ഭർത്താവിനെപ്പോലും പാനി പൂരി കീഴടക്കിയെന്ന് ഹെർമെസ് പറയുന്നു. “ഭർത്താവിന് വിദേശ ഭക്ഷണങ്ങൾ അത്ര ഇഷ്ടമല്ല. എന്നിട്ടും അദ്ദേഹം പാനി പൂരിക്ക് അടിമയായിരിക്കുന്നു. ഇടയ്ക്കിടെ പാനി പൂരിയെക്കുറിച്ച് അദ്ദേഹം ഓർക്കാറുണ്ട്. അതൊരു ആസക്തിയാണ്,” ഹെർമെസ് കുറിച്ചു. താൻ ആഴ്ചയിൽ രണ്ടുതവണയെങ്കിലും പാനി പൂരി കഴിക്കാറുണ്ടെന്നും വീട്ടിൽ പാനി പൂരി കിറ്റുകൾ കരുതാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.യാത്രക്കാർക്ക് നടന്നുപോകുമ്പോൾ തന്നെ പെട്ടെന്ന് കഴിക്കാവുന്ന രീതിയിൽ ജപ്പാനിൽ ഒരു പാനി പൂരി കട തുടങ്ങാനാണ് ഹെർമെസിന്റെ പ്ലാൻ. പാനി പൂരി കഴിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, “ഈ നിശബ്ദതയിൽ പാനി പൂരി കഴിക്കുന്ന ഏക ജാപ്പനീസ് വനിത താനാകാം” എന്നും അവർ തമാശയായി കുറിച്ചു.ഹെർമെസിന്റെ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. പാനി പൂരിയുടെ വിവിധ വകഭേദങ്ങളായ മുബൈയിലെ ‘സേവ് പൂരിയും’ കൊൽക്കത്തയിലെ ‘പുച്കയും’ പരീക്ഷിക്കണമെന്ന ഉപദേശവുമായി നിരവധി ഇന്ത്യക്കാരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തുന്നത്. ഇന്ത്യയുടെ തെരുവോരങ്ങളിൽ നിന്നെത്തി ജപ്പാൻകാരുടെ ഹൃദയം കീഴടക്കിയ ഈ കുഞ്ഞു പൂരികൾ ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *