യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴാം ആചരിക്കുന്നു
യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴാം ആചരിക്കുന്നു. ദേവാലയങ്ങളിൽ ഇന്ന് വിശുദ്ധ കുർബ്ബാനയും പ്രത്യേക പ്രാർത്ഥനകളും നടക്കും. ക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ സ്മരണ പുതുക്കി കാൽ കഴുകൽ ശ്രുശ്രൂഷകളുമുണ്ടാകും.പെസഹാ എന്നാൽ എന്ത്?കടന്നുപോകൽ എന്നാണ് പെസഹാ എന്ന വാക്കിന്റെ അർത്ഥം. ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് യിസ്രായേൽ ജനതയെ മോചിപ്പിക്കാൻ ദൈവം അയച്ച പത്താമത്തതെ ബാധയുമായി ബന്ധപ്പെട്ടാണ് പെസഹായുടെ ആരംഭം. കടിഞ്ഞൂൽ സംഹാരമായിരുന്നു പത്താമത്തെ ബാധ. ദൈവം അയച്ച സംഹാരദൂതൻ ഇസ്രായേൽ ജനതയുടെ വീടുകളെ തിരിച്ചറിയാനായി അവരുടെ വാതിൽപ്പടികളിൽ കുഞ്ഞാടിന്റെ രക്തം പുരട്ടാൻ നിർദേശിച്ചു. ഈ അടയാളം കണ്ട് സംഹാരദൂതൻ ആ വീടുകളെ ഒഴിവാക്കി കടന്നുപോയതിന്റെയും തുടർന്ന് അടിമത്തത്തിൽ നിന്ന് ഇസ്രായേൽ മക്കൾ സ്വാതന്ത്യം നേടിയതിന്റെയും സ്മരണയായാണ് യെഹൂദർ പെസഹ ആചരിക്കുന്നത്.എന്നാൽ, പുതിയനിയമ പശ്ചാത്തലത്തിൽ, യേശുക്രിസ്തു തന്റെ മരണത്തിന് തൊട്ടുമുമ്പ് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യ അത്താഴത്തെയാണ് ക്രൈസ്തവർ പെസഹയായി ആചരിക്കുന്നത്. യേശുക്രിസ്തു വിശുദ്ധ കുർബ്ബാന ഔദ്യോഗികമായി പ്രഖ്യാപിച്ചതും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും ഇന്നേ ദിവസമാണ്.അപ്പവും വീഞ്ഞും നുറുക്കിയതുപോലെ, കാൽവരി ക്രൂശിൽ യേശുക്രിസ്തു, മനുഷ്യരെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കാൻ സ്വയം അപ്പമായി മാറി നുറുക്കപ്പെട്ടു. അന്ത്യ അത്താഴ വേളയിൽ യേശു അപ്പമെടുത്ത് ഇതെന്റെ ശരീരമാകുന്നുവെന്നും, പാനപാത്രമെടുത്ത് ഇതെന്റെ രക്തമാകുന്നുവെന്നും അരുളിച്ചെയ്തു. നിങ്ങൾ കൂടിവരുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇത് ചെയ്യണം എന്നും പ്രഖ്യാപിച്ചു. ഇതിനെ തുടർന്നാണ് വി.കുർബ്ബാന സ്ഥാപിതമായത്.

