ഐ പി ആർ ഡിജില്ലാ ഇൻഫർമേഷൻ ഓഫിസ്തിരുവനന്തപുരംവാർത്താക്കുറിപ്പ്23 ജനുവരി 2026

Spread the love

പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആത്മവിശ്വാസവും നൽകണം മന്ത്രി: വി. ശിവൻകുട്ടി

#കരമന ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സുവർണ്ണ ജൂബിലി ആഘോഷം നടത്തി#

നമ്മുടെ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതോടൊപ്പം അവരുടെ കലാ-കായിക കഴിവുകൾ പരിപോഷിപ്പിക്കാനും, ആത്മവിശ്വാസമുള്ളവരായി വളർത്താനും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിയണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കരമന ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സുവർണ്ണ ജൂബിലി ആഘോഷവും മെറിറ്റ്ഡേയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൈടെക് ക്ലാസ് മുറികളും, അത്യാധുനിക ലാബുകളും, മികച്ച ഭൗതിക സാഹചര്യങ്ങളും ഒരുക്കിയതിലൂടെ സർക്കാർ സ്‌കൂളുകൾ മാറ്റത്തിന്റെ പാതയിലാണ്. അമ്പത് വർഷമെന്നത് ഒരു പൊതുവിദ്യാലയത്തെ സംബന്ധിച്ചിടത്തോളം കേവലം ഒരു കാലയളവല്ലെന്നും അത് സമൂഹത്തിന് നൽകിയ മഹത്തായ സേവനത്തിന്റെ സാക്ഷ്യപത്രമാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആയിരക്കണക്കിന് പെൺകുട്ടികൾക്ക് അറിവിന്റെ വെളിച്ചം പകർന്നുനൽകി, അവരെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നതങ്ങളിൽ എത്തിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. തലസ്ഥാന നഗരിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ തന്റേതായ ഇടം കണ്ടെത്തിയ കരമന ഹയർ സെക്കൻഡറി സ്കൂൾ പെൺകുട്ടികളുടെ ശാക്തീകരണത്തിൽ വഹിച്ച പങ്ക് നിസ്തുലമാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കളരിപ്പയറ്റിന് മെഡൽ നേടിയ വിദ്യാർത്ഥിനി ഗോപികയെ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു. കൂടാതെ വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ കരമന അജിത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ ജി.എസ് മഞ്ജു, സംസ്ഥാന ശിശുക്ഷേമ ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി, പ്രിൻസിപ്പാൾ ടി.കെ ഷൈലമ്മ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *