2025 നവംബർ 19
പ്രസിദ്ധീകരണത്തിന്
വന്യജീവി ആക്രമണത്തിന് പരിഹാരം തേടി കർഷകരുടെ സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം:
വന്യജീവി ആക്രമണങ്ങൾക്ക് ശ്വാശ്വത പരിഹാരം ഉണ്ടാക്കുക, ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, എല്ലാ കാർഷിക വിളകൾക്കും ഉൽപ്പാദന ചിലവിൻ്റെ ഒന്നര മടങ്ങ് (C2 + 50 %) താങ്ങുവില ഉറപ്പാക്കുക, കർഷകരുടേയും തൊഴിലാളികളുടേയും കടങ്ങൾ എഴുതി തള്ളുക,നെല്ലിൻ്റെ സംഭരണവില 40 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടന (എ .ഐ.കെ. കെ. എം എസ്) ആഭിമുഖ്യത്തിൽ കർഷകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി.
ജപ്തിനടപടികൾ അവസാനിപ്പിക്കുക, , നാണ്യവിളകളുടെ വില തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, റബറിൻ്റെ താങ്ങുവില 250 രൂപയാക്കുക, വിത്ത് വളം കീടനാശിനികൾ എന്നിവയുടെ വിലക്കയറ്റവും ക്ഷാമവും തടയുക, കാലിത്തീറ്റ സബ്സിഡി നിരക്കിൽ ലഭ്യമാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും 10000 രൂപ പെൻഷൻ നൽകുക, സൗജന്യ വൈദ്യുതി കൃഷിക്ക് ഇല്ലാതാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതി ഉപേക്ഷിക്കുക, കർഷകരുടെ മേൽ സർഫാസി ആക്ട് നടപ്പിലാക്കരുത് തുടങ്ങിയ ആവശ്യങ്ങളും സമരിത്തിനാധാരമായി സംഘടന ഉന്നയിച്ചു.
സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് കെ. അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ. റയിൽ വിരുദ്ധ ജനകീയ സമരസമിതി ജനറൽ കൺവീനറും എ.ഐ.കെ. കെ. എം. എസ്. സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എസ്. രാജീവൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
“വന്യമൃഗങ്ങളുടെ ആക്രമണം മൂലം കേരളത്തിലെ മലയോര മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബ്ബന്ധിതരാവുകയാണ്.വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം നൽകുകയും ഗുരുതര പരിക്കിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാനും സർക്കാർ തയ്യാറാകണം. കാട്ടുപന്നി മുള്ളൻപന്നി തുടങ്ങി കൃഷി നശിപ്പിക്കുന്ന ജീവികളെ ഉപാധിരഹിതമായി കൊല്ലാൻ കർകർക്ക് അവകാശം നൽകണം. നെൽ കർഷക കേന്ദ്ര സർക്കാർ നെല്ലിന് പ്രഖ്യാപിക്കുന്ന താങ്ങുവില വർദ്ധനക്ക് ആനുപാതികമായി സംസ്ഥാനം നൽകുന്ന പ്രൊഡക്ഷൻ ഇൻസെൻ്റീവിൽ കുറവു വരുത്തുന്ന സമീപനമാണ് കഴിഞ്ഞ നാലഞ്ചു വർഷമായി തുടരുന്നത്. സങ്കുചിത കക്ഷി രാഷ്ട്രീയം മറന്ന് കർഷകരെന്ന നിലയിൽ സംഘടിച്ചു കൊണ്ട് വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭത്തിന് കർഷകർ തയ്യാറായാലേ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാവൂ ” – അദ്ദേഹം തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സംഘടനയുടെ വിവിധ ജില്ലാ നേതാക്കളായ സതീശൻ പി.ആർ , പി.ഭദ്രൻ,( ആലപ്പുഴ) അജയകുമാർ എ.ജി (കോട്ടയം), ജോർജ് മാത്യു കൊടുമൺ (പത്തനംതിട്ട) ധ്രുവകുമാർ (കൊല്ലം), രാജൻ എം.കെ(കോഴിക്കോട്) പി.കെ.ഭഗത് (വയനാട്) അനൂപ് ജോൺ (കണ്ണൂർ) തുടങ്ങിയവരും സംസാരിച്ചു.
തുടർന്ന് വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടു കൊണ്ടുള്ള ഭീമ ഹർജി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
സംഘടനയുടെ സംസ്ഥാന സെക്രട്ടറി എൻ. വിനോദ് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ അബ്രഹാം. പി. പി. നന്ദിയും പ്രകാശിപ്പിച്ചു.

