ഇനിമുതൽ ഭക്തർക്ക് വീട്ടിലിരുന്നും വഴിപാട് നടത്താം; തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ ഡിജിറ്റലാകുന്നു

Spread the love

ഭക്തർക്ക് വീട്ടിലിരുന്നും വഴിപാട് നടത്താനുള്ള സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് സജ്ജമാക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ എല്ലാ വഴിപാടുകളും ഇത്തരത്തിൽ ഓൺലൈനായി ബുക്ക് ചെയ്യാനാകും. വഴിപാടുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള കൗണ്ടർ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം നാളെ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. നാളെ വൈകിട്ട് അഞ്ചുമണിക്ക് കൊട്ടാരക്കര ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലാണ് കൗണ്ടർ ബില്ലിംഗ് മൊഡ്യൂൾ ഉദ്ഘാടനം ചെയ്യുക.കൗണ്ടർ ബില്ലിംഗ് മോഡ്യൂൾ പ്രവർത്തനക്ഷമമായി ഒരു മാസത്തിനകം എല്ലാ വഴിപാടുകളും ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ആദ്യം മേജർ ക്ഷേത്രങ്ങളിലാണ് സൗകര്യം ലഭ്യമാകുക. ആറുമാസത്തിനകം ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഇത് ലഭ്യമാകും. സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വേണ്ടി ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നത്. വഴിപാട് ബില്ലിംഗിന് പുറമേ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ അടക്കമുള്ള വിലപിടിച്ച വസ്തുക്കളുടെ വിവരങ്ങളും, ക്ഷേത്രഭൂമി സംബന്ധിച്ച വിവരങ്ങളും പൂർണ്ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ സോഫ്റ്റ്‌വെയർ വഴി ലഭ്യമാകും. ഓരോ ക്ഷേത്രങ്ങൾക്കും പ്രത്യേകം പ്രത്യേകം വെബ്‌സൈറ്റുകളുണ്ടാകും ക്ഷേത്രങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഭക്തർക്ക് ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളുടെയും മുഴുവൻ വിവരങ്ങളും ദൈനംദിന പ്രവർത്തനവും ഏകീകൃത സംവിധാനത്തിലൂടെ പരിശോധിക്കാൻ സാധിക്കും. ഇത് വഴി ക്ഷേത്രങ്ങളുടെ പ്രവർത്തനവും ഭക്തജന സേവനവും കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *