ഒരു നൂറ്റാണ്ട് നേരിട്ട് കണ്ട മനുഷ്യൻ. : ഒരു നൂറ്റാണ്ട്
അതിൽ തന്നെ 17 വയസ് മുതൽ തുടങ്ങിയ പാർടി പ്രവർത്തനം. 85 വർഷക്കാലം കമ്യൂണിസ്റ്റ് പാർടി അംഗം! ‘What a life..’ എന്നൊക്കെ പറയാൻ സാധിക്കുന്ന തരം സാർത്ഥകമായ കമ്യൂണിസ്റ്റ് ജീവിതം.ബ്രിട്ടീഷ് കോളനി ഭരണം നേരിട്ട് അനുഭവിച്ച മനുഷ്യൻ, രാജ ഭരണവും, ദിവാൻ ഭരണവും ജന്മിത്വ ജാതി നാടു വാഴിത്തവും നേരിട്ട് അനുഭവിച്ച മനുഷ്യൻ. അതേ കോളനി ഭരണത്തിനും ജന്മിത്വ ജാതി വാഴ്ചക്കുമെതിരെ പ്രക്ഷോഭം നയിച്ച മനുഷ്യൻ.തൊഴിലാളി – കർഷക തൊഴിലാളികളെ സംഘടിപ്പിച്ച് സ്വാതന്ത്ര പോരാട്ടം നടത്തിയ മനുഷ്യൻ. പി. കൃഷ്ണപിള്ള കണ്ടെത്തിയ കമ്യൂണിസ്റ്റ് പോരാളി. കയർ തൊഴിലാളികളെ ചെങ്കൊടി പിടിപ്പിച്ച നേതാവ്. പുന്നപ്ര വയലാർ മുതൽ ഇങ്ങോട്ട് തിരുവിതാംകൂർ കർഷക തൊഴിലാളി യൂണിയൻ, ചാപ്പ സമ്പ്രദായം നിർത്തലാക്കാനുള്ള സമരം, കൂലി വർദ്ധനവിനായുള്ള സമരം, മിച്ചഭൂമി സമരം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സമര നേതൃത്വം, സമരമെന്ന് വാക്കിന് പര്യായമെന്നോണം പറയാവുന്ന രണ്ടക്ഷരം. നേരിട്ട കൊടിയ മർദ്ധനങ്ങൾക്ക് ശേഷം മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്ത് നിന്നുള്ള അതിജീവിതം.മന്ത്രിയോ എം.എൽ.എയോ പോയിട്ട് പഞ്ചായത്ത് മെമ്പർ സ്ഥാനം പോലും സ്വപ്നം കാണാൻ സാധിക്കാത്ത കാലത്ത്, എന്തിന് വീട്ടിൽ നിന്നിറങ്ങിയാൽ ജീവനോടെ തിരിച്ചെത്തുമോ എന്നുറപ്പ് പറയാൻ പറ്റാത്ത കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ച് ഒളിവിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ വി.എസിനെയൊക്കെ ഈ പോസ്റ്റ് ട്രൂത് കാലത്ത് വിലക്ക് വാങ്ങിയ സോഷ്യൽ മീഡിയ പേജുകളിൽ പി.ആർ പ്രവർത്തനങ്ങളിലൂടെ മാത്രം നേതാവായ ഖദർ ധാരികളും, മതം മാത്രം തിന്ന് ജീവിക്കുന്ന കൊടും വർഗ്ഗീയ വാദികളും വിലയിടുന്നത് കാണുമ്പോൾ ഈ കാലത്തെയോർത്ത് പരിതപിക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ.2011 – ലെ നിയമ സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തിലെത്തിയ രാഹുൽ ഗാന്ധി സഖാവ് വി.എസിനെ പരിഹസിച്ച് കൊണ്ട്, ഇടത് മുന്നണി ജയിച്ചാൽ 90 കഴിഞ്ഞ വൃദ്ധനായ ഒരു മുഖ്യമന്ത്രിയെയാണ് നിങ്ങൾക്ക് ലഭിക്കുക എന്ന പ്രസംഗവും അതിന് വി.എസ്, ടി.എസ്. തിരുമുമ്പിന്റെ കവിതയിലെ “തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം;തല നരക്കാത്തതല്ലെന്‍ യുവത്വവും;പിറവിതൊട്ടു നാളെത്രയെന്നെണ്ണുമ-പ്പതിവുകൊണ്ടല്ലളപ്പതെന്‍ യൗവനംകൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍തലകുനിക്കാത്ത ശീലമെന്‍ യൗവനം; എന്ന നാല് വരിയിലൂടെ നൽകിയ മറുപടിയും ഇന്നും പ്രസിദ്ധമാണ്. ഒരുപക്ഷെ വി.എസിനെ പോലെ ജീവിതം കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാക്കളെ സൂചിപ്പിക്കാൻ വരച്ചിട്ട നാല് വരികൾ. അന്നത്തെ യു.ഡി.എഫിന്റെ മുഖ്യമന്ത്രി പക്ഷേ വി.എസിനും മുന്നേ നമ്മെ വിട്ട് പോയി എന്നത് കാലത്തിന്റെ യാദൃശ്ചികതയും.102 വയസ്സായ ഒരു മനുഷ്യൻ, ഒരു നേതാവ്, ഒരു കമ്യൂണിസ്റ്റ് വിടപറയുന്നു എന്നത് അസാധാരണമോ അതിവൈകാരികമോ അല്ല തന്നെ. എങ്കിലും ജീവിച്ചിരിപ്പുണ്ട് എന്ന തോന്നൽ പോലും നൽകുന്ന ഒരു ഊർജ്ജവും ആശ്വാസവും ബാക്കിയുണ്ടായിരുന്നു.