ലാഹോർ നഗരത്തിൽ സ്ഫോടനങ്ങൾ; വിമാനത്താവളത്തിന് സമീപം അടക്കം ആക്രമണം
ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ഗോപാല്‍നഗര്‍, നസീറാബാദ് പ്രദേശങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. സൈറൺ മുഴങ്ങിയതോടെ ആളുകൾ ഭയചകിതരായി വീട് വിട്ടിറങ്ങുകയും തുടർന്ന് സ്ഫോടനത്തിന്റെ ശബ്ദം കേൾക്കുകയുമായിരുന്നു.
വിമാനത്താവളത്തിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പോഷ് ബിസിനസ് പ്രദേശവും ആർമി കൻ്റോൺമെൻ്റും സ്ഫോടനങ്ങളുണ്ടായതിന്റെ തൊട്ടടുത്താണ്. അഞ്ച്- ആറ് അടിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് സ്ഫോടനം എന്നാണ് പൊലീസ് പറയുന്നത്. ഡ്രോണുകൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുണ്ട്. ആളുകൾക്കോ വസ്തുവകകൾക്കോ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടില്ല.
പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ സിന്ദൂർ നടത്തിയതിന്റെ പിറ്റേന്നാണ് ഈ സ്ഫോടനങ്ങൾ. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സംശയം.