കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക്; 293.22 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു
കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം 25 ഏക്കര്‍ ക്യാമ്പസില്‍ 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐ.ടി പാര്‍ക്ക് സ്ഥാപിക്കുന്നതിനായി 293.22 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു. പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
സംസ്ഥാനത്തെ പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ സംസ്ഥാന ബജറ്റ് നീക്കിവെച്ചു. മലയോര, തീരദേശ പാതകളും വികസിപ്പിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ചെറുകിട സംരംഭകരെയും കൈവിടാത്ത സംസ്ഥാന ബജറ്റ് ആണ് നിയമസഭയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തര സംരംഭങ്ങള്‍, കുടുംബശ്രീ എന്നിവയെ സംയോജിപ്പിച്ച് പ്രാദേശികമായി കളിപ്പാട്ട ഉദ്പാദനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇതിനായി 5 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. ഇതു കൂടാതെ കരകൗശല മേഖലയ്ക്ക് 4.1കോടിയും ചകിരിച്ചോര്‍ വികസനപദ്ധതിക്ക് 5 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും പദ്ധതിക്കായി 50 കോടി രൂപ അനുവദിച്ചുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചാരണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും ധമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 2025നെ കേരളം സ്വാഗതം ചെയ്തത് പുനരധിവാസ പ്രഖ്യാപനവുമായി ആണെന്നും മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ നഷ്ടം 1021 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ കേന്ദ്രം സഹായം നല്‍കിയില്ല. എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു തുക പോലും അനുവദിച്ചിട്ടില്ല.
പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിന് ആദ്യ ഗഡുവായി 750 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്. കേരളത്തിന്റെ സമ്പത്ത് ഘടന അതിവേഗ വളര്‍ച്ചയുടെ പാതയിലാണെന്നും കേരളത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച വളരെ മെച്ചപ്പെട്ട നിലയിലാണെന്നും മന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഗ്യാരണ്ടിയാണ്. സര്‍വീസ് പെന്‍ഷന്‍ കുടിശിക 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശികയ്ക്ക് കാരണം. ഇത് മനസ്സിലാക്കി ജീവനക്കാര്‍ സര്‍ക്കാരിനോട് സഹകരിച്ചു എന്ന് മന്ത്രി പറഞ്ഞു.