പുതുവർഷത്തിൽ ജനപ്രിയ മോഡലുകളുടെ വില വർധിപ്പിക്കാൻ ടാറ്റ
2025 ആരംഭിക്കുന്നതോടെ ജനപ്രിയ മോഡലുകളുടെ വില വർധിപ്പിക്കാനുള്ള പദ്ധതികൾ ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് മുതല്‍ വാഹനങ്ങളുടെ വിലയിൽ മൂന്ന് ശതമാനം വരെ വർദ്ധനവ് കമ്പനി വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണമുണ്ടായ അധികച്ചെലവ് മൂലമാണ് വിലയിൽ വർദ്ധനവ് വരുത്താനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. പാസഞ്ചര്‍ വാഹന നിരയിലെ എല്ലാ മോഡലുകള്‍ക്കും മൂന്ന് ശതമാനം വില വർദ്ധനവ് ഉണ്ടാകും. അതേസമയം വാഹനത്തിന്റെ മോഡലിനും വേരിയന്റിനും അനുസരിച്ച് വിലയില്‍ മാറ്റമുണ്ടായേക്കും. വിലയിലെ വർദ്ധനവ് ഇലക്ട്രിക് മോഡലുകൾക്കും ബാധകമായിരിക്കും.
അതേസമയം ഇത് ടാറ്റ മാത്രമല്ല പുതുവർഷത്തിലേക്ക് കടക്കുമ്പോൾ വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. മാരുതി സുസുക്കി,മഹീന്ദ്ര, എം.ജി, ഹ്യുണ്ടായി, കിയ അടക്കമുള്ള മുൻനിര കമ്പനികളും അടുത്തിടെ വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.മാരുതി സുസുക്കിയാണ് ഏറ്റവും ഉയര്‍ന്ന വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ശതമാനമാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില ഉയരുന്നത്.