പ്രവീണിൻ്റെ ലോഗോ ശ്രദ്ധ നേടുന്നു.
തിരുവനന്തപുരം: സിപിഐ(എം) തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ലോഗോ രൂപകല്പന ചെയ്തത് നെയ്യാറ്റിൻകര യിലെ ഡിസൈനർ പ്രവീൺ അഡോൺ ആണ്. പതിനഞ്ച് വർഷത്തോളമായി വിവിധ കമ്പനികൾക്കായി പരസ്യങ്ങളും ലോഗോയും ബ്രോഷറുമെല്ലാം ചെയ്ത പരിചയ സമ്പത്തിനുടമയാണ് മഞ്ചവിളാകം മലയിൽക്കട സ്വദേശിയായ പ്രവീൺ.
ഓരോ ഇലക്ഷനും ആഘോഷങ്ങൾക്കുമെല്ലാം വമ്പൻ കമാനങ്ങളും സ്തൂപങ്ങളും വെറൈറ്റിയായി മാറിയ പോസ്റ്ററുകളും ഡിസൈൻ ചെയ്ത് ശ്രദ്ധ നേടിയിട്ടുണ്ട്. ഇവൻ്റ് മാനേജ്മെൻ്റ് കമ്പനികൾക്കായും വമ്പൻ പരസ്യ കമ്പനികൾക്കു വേണ്ടിയും വേഗത്തിൽ പ്രേക്ഷക പ്രീതി നേടിയ ഒട്ടനവധി പരസ്യചിത്രങ്ങളും അലങ്കാരങ്ങൾ നിറഞ്ഞ സ്റ്റേജ് ഡക്കറേഷൻ തീമുകളും ഇക്കാലയളവിൽ ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി മാഗസിനുകളുടെയും സാഹിത്യ സൃഷ്ടികളുടെയും ഓൺലൈൻ മീഡിയ കളുടെയും സ്ഥിരം ഡിസൈനറുമാണ് പ്രവീൺ.
കോവളത്തെ കടലും മത്സ്യബന്ധന വള്ളങ്ങളും ലൈറ്റ് ഹൗസും യുവത്വത്തിൻ്റെ ആവേശവും വിപ്ലവ നക്ഷത്രവും പാർടി ചിഹ്നവും ഒത്തു ചേർത്ത് തയ്യാറാക്കിയ ലോഗോ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൻ്റെ പ്രൗഢിയും ചാരുതയും വിളിച്ചോതുന്നു. പ്രശസ്ത സംവിധായകനും ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ഷാജി.എൻ കരുണും, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും ചേർന്നാണ്
ലോഗോ പ്രകാശിപ്പിച്ചത്.
ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർപേഴ്സൺ ടിഎൻ സീമ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി വി.ജോയി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ.രതീന്ദ്രൻ, ആർ.രാമു, ഡികെ.മുരളി, ബിപി.മുരളി, സി അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, പിഎസ് ഹരികുമാർ, എസ്.അജിത്ത് എന്നിവരും പങ്കെടുത്തു. പാറശാല ഏര്യയിലെ മുണ്ടാമല ബ്രാഞ്ച് മെമ്പർ കൂടിയാണ് പ്രവീൺ. സവിതയാണ് ഭാര്യ. ഒരു മകളുണ്ട് വിശ്വയ്ക. ഡിസംബർ 20 മുതൽ 23 വരെ കോവളത്ത് വെച്ചാണ് സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം നടക്കുന്നത്.