വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് വയസുകാരി മരിച്ചു

Spread the love

ഹൈദരാബാദ്: ഹൈദരാബാദിലെ ജിയാഗുഡ ഏരിയയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് വയസുകാരി മരിച്ചു. അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വെങ്കിടേശ്വര നഗര്‍ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പത്ത് വയസുകാരിയായ ശിവപ്രിയയാണ് മരിച്ചത്.കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് മുകളിലെ നിലകളിലേക്കും തീ പടര്‍ന്നുപിടിച്ചു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ഇരുപത് പേരെ പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി.പരിക്കേറ്റവരെ ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ ശിവപ്രിയ ഇവിടെ വെച്ചാണ് മരിച്ചത്. ശിവപ്രിയയുടെ കുടുംബാംഗങ്ങളുടെ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. അഗ്‌നിശമന സേനാ അംഗങ്ങള്‍ ഗോവണിയും മറ്റ് അടിയന്തിര സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചാണ് കെട്ടിടത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായി വിലയിരുത്തപ്പെടുന്നത്. വിശദമായ അന്വേഷണം നടക്കുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *